കൊച്ചി: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഹൈക്കോടതിയിൽ പിഴയടച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ഹർജികൾ നൽകിയതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25000 രൂപയാണ് ഹൈക്കോടതിയിൽ ശോഭ സുരേന്ദ്രൻ അഭിഭാഷകൻ മുഖേന പിഴ ഒടുക്കിയത്.
യുവതീപ്രവേശന വിധിയെത്തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രൻ നൽകിയ ഹർജിയാണ് ഡിസംബർ 4ന് ഹൈക്കോടതി തള്ളിയത്.
അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. ഹർജിക്കാരി എവിടെയും പരാതിയും നൽകിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത് എന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പിഴ അടയ്ക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിയാണ് ഹൈക്കോടതിയിൽ ശോഭ സുരേന്ദ്രൻ പിഴയൊടുക്കിയത്.