purushothaman

ആലപ്പുഴ : പ്രമുഖ പത്രപ്രവർത്തകനും കൊല്ലം പ്രസ് ക്ളബ് മുൻ പ്രസിഡന്റുമായ കെ.എൻ.പുരുഷോത്തമ കുറുപ്പ് (കെ.എൻ.പി. കുറുപ്പ്-80) നിര്യാതനായി. ദേശാഭിമാനി മുൻ ജില്ലാ ലേഖകനായിരുന്നു. 1985ലും 89ലും കൊല്ലം പ്രസ് ക്ളബ് സെക്രട്ടറിയായി പ്രവർത്തിച്ച കെ.എൻ. പി കുറുപ്പ് 1994ലാണ് പ്രസിഡന്റായത്. 1976ൽ പ്രവർത്തനം തുടങ്ങിയ കേരളരാജ്യം സായാഹ്ന പത്രത്തിന്റെ സ്ഥാപകനായിരുന്നു.

ആലപ്പുഴ ജില്ലയിലെ തായങ്കരിയിലെ ജന്മി കു‌ട‌ുംബമായ കുന്നംപള്ളിയിൽ ജനിച്ച അദ്ദേഹം വിദ്യാർത്ഥിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ എന്നിവയുടെ ചുമതലക്കാരനായിരുന്ന കുറുപ്പ് കുട്ടനാൻ കർഷകസമരത്തിലും മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇ.എം.എസ്, എ.കെ.ജി. ഇ.കെ.നായനാർ തുടങ്ങിയ നേതാക്കളോട് അടുത്തബന്ധം പുലർത്തിയ അദ്ദേഹം സി.പി.എമ്മിന്റെ ആലപ്പുഴ, കൊല്ലം ജില്ലാ കമ്മിറ്റികളിൽ അംഗമായിരുന്നു. കൊല്ലത്തെ പ്രവർത്തന കാലത്തിനുശേഷം ആലപ്പുഴയിൽ മടങ്ങിയെത്തിയ കെ.എൻ.പി. കുറുപ്പ് എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.

സംസ്കാരം പിന്നീട്. ഭാര്യ : തുളസീഭായ്. മക്കൾ: ആശ പി.കുറുപ്പ്, സിന്ധു പി.കുറുപ്പ് (യു.എസ്.എ), മനോജ് കുറുപ്പ് (മുൻ സംസ്ഥാന കമ്മിറ്റി അംഗം, എസ്.എഫ്.ഐ). മരുമക്കൾ: രവീന്ദ്രനാഥ്, മനോജ് (യു.എസ്.എ), ഡോ. ഷൈന മനോജ്.