മുംബയ്: തന്റെ ജീവിതത്തിലെ പഴയകാല യാത്രകളിലെ ഒാർമ്മകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ബാല്യത്തെക്കുറിച്ചും ജീവിതത്തിൽ അനുഭവിച്ച വേദനകളെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ചെറുപ്പകാലത്ത് സന്ന്യാസിയെപ്പോലെയാണ് ജീവിച്ചത്. അറിയാനുള്ള കൗതുകം കൂടുതലായിരുന്നു. എന്നാൽ അതിനെക്കുറിച്ചുള്ള വ്യക്തത കുറവായിരുന്നുവെന്നും മോദി പറഞ്ഞു.
യാത്രകളെ ഏറെ സ്നേഹിച്ചിരുന്നു. പതിനേഴാം വയസിലാണ് മാതാപിതാക്കളെ വിട്ട് ഹിമാലയത്തിലേക്ക് പോയത്. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എനിക്കു മധുരം തന്നു. നെറ്റിയിൽ കുറിയിട്ട് അനുഗ്രഹിച്ചു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു അത്. കുറെക്കാലം എവിടെയൊക്കെയോ സഞ്ചരിച്ചു. ഒരുപാട് ഉത്തരങ്ങൾ ആ കാലഘട്ടത്തിൽ ലഭിച്ചു. കുറച്ച് കാലം രാമകൃഷ്ണ മിഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.
ഹിമാലയത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിൽ വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നു. സന്ന്യാസിമാരിൽ നിന്ന് കുറെയധികം പഠിച്ചു. പ്രപഞ്ചത്തിന്റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് അവിടെ നിന്നാണ് പഠിച്ചത്. വീട്ടിൽ ഏട്ട് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അമ്മയ്ക്ക് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഇല്ലായിരുന്നു. എങ്കിലും രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് അവർക്ക് ദെെവം കൊടുത്തു.
റെയിൽവേ സ്റ്റേഷനിലെ പിതാവിന്റെ കട തുറന്ന് വൃത്തിയാക്കിയതിന് ശേഷമാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ നിന്ന് തിരിച്ച് വന്നിട്ട് കടയിൽ അച്ഛനെ സഹായിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവരെ കാണുകയാണ് എന്റെ ലക്ഷ്യം. അവർക്ക് ചായ കൊടുത്ത് അവരുടെ കഥകൾ കേൾക്കും. അങ്ങിനെയാണ് ഞാൻ ഹിന്ദി പഠിച്ചതെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
താൻ ലൈബ്രറിയിൽ പോകുമായിരുന്നു. കെെയിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ച് തീർക്കും. എട്ടാം വയസുമുതലാണ് ശാഖയിൽ പോയിത്തുടങ്ങിയത്. ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേർപ്പെട്ടതായും പ്രധാനമന്ത്രി ഒാർമ്മിച്ചു.