അബുദാബി : എ.എഫ്.സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്നലെ അബുദാബി ഷെയ്ക്ക് സായ്ദ് സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.ഇരു പകുതികളിലുമായി ഒാരോ ഗോൾ വീതമാണ് ആതിഥേയർ നേടിയത്.41-ാം മിനിട്ടിൽ ഖൽഫാൻ മുബാറക്ക് അൽ ഷംസിയും 88- ാം മിനിട്ടിൽ അലി അഹമ്മദ് മബ്കൂത്തുമാണ് ഗോളുകൾ നേടിയത്.
ആദ്യ മത്സരത്തിൽ തായ്ലൻഡിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് കീഴടക്കിയിരുന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ശാരീരിക മികവിലും ഉയരത്തിലും ഒരുപടി മുന്നിൽ നിന്ന എതിരാളികളോട് ധൈര്യപൂർവ്വം പൊരുതിയാണ് സുനിൽ ഛെത്രിയും കൂട്ടരും വീണത്. പ്രതിരോധത്തിലെ ചില പിഴവുകൾ യു.എ.ഇയ്ക്ക് വിജയം നൽകുകയായിരുന്നു.ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ യു.എ.ഇയ്ക്കൊപ്പം തന്നെയായിരുന്നു ഇന്ത്യ. രണ്ടാം പകുതിയുടെ തുടക്കത്തിൽ നല്ല ചില അവസരങ്ങൾ നിർഭാഗ്യത്തിന് നഷ്ടമാവുകയും ചെയ്തു.
മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ യു.എ.ഇയുടെ മുന്നേറ്റവും ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെ സേവുമാണ് കണ്ടത്. സാൽമിന്റെ ഷോട്ട് സന്ധു തട്ടിയകറ്റിയതിന് പിന്നാലെ രണ്ട് തവണ മബ്കൂത്തിന് പന്തുലഭിച്ചെങ്കിലും ഭാഗ്യത്തിന് ഇന്ത്യ രക്ഷപെടുകയായിരുന്നു. എട്ടാം മിനിട്ടിൽ ഇന്ത്യയ്ക്ക് ലഭിച്ച കോർണർ എടുത്തത് അനിരുദ്ധ് താപ്പയാണ്. സ്വതന്ത്രനായി നിന്ന സന്ദേശ് ജിംഗാന്റെ ഹെഡർ പക്ഷേ പുറത്തേക്കാണ് പോയത്. 11-ാം മിനിട്ടിൽ മലയാളിതാരം ആഷിഖ് കുരുണിയന്റെ സുന്ദരമായൊരു ശ്രമത്തിൽ നിന്ന് യു.എ.ഇ രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. സ്ഥാനം തെറ്റി നിന്ന ഗോളി ഇൗസയെ കടന്ന് ഗോളടിക്കാനുള്ള ആഷിഖിന്റെ ശ്രമം വിഫലമായെങ്കിലും വീണ്ടും പന്തുകിട്ടി . ഇത്തവണ ഇൗസ പന്ത് തട്ടിക്കളഞ്ഞ് കോർണർ വഴങ്ങി.ഇൗ കോർണറും ജിംഗാൻ പുറത്തേക്ക് ഹെഡ് ചെയ്ത് കളഞ്ഞു.23-ാം മിനിട്ടിൽ ഛെത്രിയുടെ ഒരു ഹെഡറും ഗോളി രക്ഷപെടുത്തി.
41-ാം മിനിട്ടിൽ അലി അഹമ്മദ് മബ്കൂത്തും ഖൽഫാൻ മുബാറക്ക് അൽ ഷംസിയും ചേർന്ന് നടത്തിയ ഒരു മുന്നേറ്റമാണ് ആതിഥേയരുടെ ആദ്യ ഗോളിൽ കലാശിച്ചത്. പന്തുമായി ഒാടിക്കയറിയ മബ്കൂത്ത് നൽകിയ പാസ് താപ്പയെ വെട്ടിച്ച് അൽ ഷംസി വലയിൽ കയറ്റുമ്പോൾ ഡിഫൻഡർ അനസ് എടത്തൊടിക പരിസരത്തുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും ഛെത്രിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിലാണ് ഇന്ത്യയ്ക്ക് സുവർണാവസരങ്ങൾ ലഭിച്ചത്. നർസാറിക്ക് പകരമിറങ്ങിയ ജെജെ ലാൽപെഖുലയുടെ 53-ാം മിനിട്ടിലെ ഷോട്ട് പുറത്തേക്കായിരുന്നു.55-ാം മിനിട്ടിലെ ഉദാന്തസിംഗിന്റെ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക് പോവുകയായിരുന്നു. തുടർന്നുള്ള ഛെത്രിയുടെ ഫ്രീകിക്കിനും ലക്ഷ്യത്തിലെത്താനായില്ല.ഇതോടെ അപകടം മണത്ത യു.എ.ഇ പ്രതിരോധം കടുപ്പിച്ചു. 75-ാം മിനിട്ടിൽ യു.എ.ഇയുടെ ഒരു ഷോട്ട് ഇന്ത്യൻ പോസ്റ്റിലിടിച്ച് തെറിച്ചു.88-ാം മിനിട്ടിൽ അവർ രണ്ടാം ഗോൾ നേടുകയും ചെയ്തു.
ഇൗ വിജയത്തോടെ രണ്ട് കളികളിൽ നിന്ന് നാലുപോയിന്റായ യു.എ.ഇ ഇന്ത്യയെ മറികടന്ന് ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.ഇനി തിങ്കളാഴ്ച ബഹ്റിനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇൗ കളി സമനിലയിലാക്കിയാൽ പോലും ഇന്ത്യയ്ക്ക് പ്രീക്വാർട്ടറിലെത്താം.