പട്ന: ബിഹാറിലെ ഗയയിൽ പതിനാറുകാരി ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിനെ തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഞായറാഴ്ചയാണു തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി പീഡനത്തിനിരയായെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നു. ദേഹത്ത് മുറിവുകളും മുഖത്ത് ആസിഡ് ഒഴിച്ച നിലയിലുമായിരുന്നു മൃതദേഹം.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് പെൺകുട്ടിയെ കാണാതാവുന്നത്. അന്ന് കൊടുത്ത പരാതി പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ പൊലീസിന്റെ ഭാഷ്യം തികച്ചും വ്യത്യസ്തമാണ്. പെൺകുട്ടി 31ന് വീട്ടിലെത്തിയെന്നും തുടർന്ന് അന്ന് രാത്രി തന്നെ കുട്ടിയുടെ പിതാവിന് പരിചയമുള്ള യുവാവിനോടൊപ്പം പുറത്തേക്ക് വിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടർന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ ഈ ആരോപണങ്ങളെ അയാൾ നിഷേധിക്കുകയാണ് ചെയ്തത്. പ്രദേശത്തെ ക്രിമിനൽ സംഘവുമായി യുവാവിന് ബന്ധമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ പീഡനത്തിനിരയായ കാര്യം സ്ഥിതീകരിക്കാവുമെന്ന് പൊലീസ് പറഞ്ഞു.