പരിമിതമായ സാഹചര്യത്തിൽ നിന്ന് പഠിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ നോബൽ നേടിയ കഥയാണ് ഡോ. ഹർഗോബിന്ദ് ഖൊരാനയുടേത്. ഇന്ത്യക്കാരനായിരുന്നെങ്കിലും പിന്നീട് അമേരിക്കൻ പൗരനായിത്തീർന്നു. മോളിക്യൂലർ ബയോളജിയിൽ തന്റേതായ ഇടം നേടിയ ഖൊരാന കൃത്രിമമായി ഡി.എൻ.എ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഇരുപതാംനൂറ്റാണ്ടിലെ മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
ജനുവരി 9ന് ഖൊരാനയുടെ ജന്മദിനമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഏത് ദിവസമാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ചില രേഖകളിൽ 9എന്ന് കാണപ്പെടുകയും പിന്നീടത് അംഗീകരിക്കുകയുമായിരുന്നു.
1922 ജനുവരി 9ന് ഇന്നത്തെ പാകിസ്ഥാനിലുള്ള റായ്പൂർ എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഖൊരാന.
തുച്ഛമായ ശമ്പളമാണ് ക്ളാർക്കായ പിതാവിന് ലഭിച്ചിരുന്നതെങ്കിലും അദ്ദേഹം മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. ഹൈസ്കൂൾ വിദ്യാഭ്യാസം വരെയും വീട്ടിലിരുന്നാണ് ഖൊരാന പഠിച്ചത്. പഠിപ്പിച്ചതാകട്ടെ സ്വന്തം പിതാവും.
ഇപ്പോൾ ലാഹോറിലുള്ള പഞ്ചാബ് സർവകലാശാലയിൽനിന്ന് ബി.എസ്സിയും എം.എസ്സിയും പൂർത്തിയാക്കി. അതിനുശേഷം ലിവർപൂൾ സർവകലാശാലയിലേക്ക് പിഎച്ച്.ഡി നേടുന്നതിനായി പുറപ്പെട്ടു. അദ്ദേഹത്തിന് സർക്കാർ ഫെലോഷിപ്പ് ലഭിച്ചാണ് പിഎച്ച്.ഡിക്ക് പോയത്. മെലാനിൻ എന്ന വർണകവുമായി ബന്ധപ്പെട്ടായിരുന്നു പിഎച്ച്.ഡി.
അതിനുശേഷം സൂറിച്ചിൽ പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പിന് ചേർന്നു. ഇവിടത്തെ ജീവിതം അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതായിരുന്നു. ഫണ്ടില്ലാതെയാണ് അദ്ദേഹം ഗവേഷണത്തിന് ചേരുന്നത്. അതിനാൽ അവിടെ ജീവിക്കുന്ന കാലഘട്ടത്തിൽ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടായിരുന്നു. 1949 ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി ജോലിക്ക് ശ്രമിച്ചെങ്കിലും അദ്ദേഹത്തിനത് കഴിഞ്ഞില്ല. ഇന്ത്യ-പാക് വിഭജന സമയത്താണ് അദ്ദേഹമിവിടെയെത്തിയത്. തുടർന്ന് അദ്ദേഹം ഇംഗ്ളണ്ടിലേക്ക് പോയി. 1950 മുതൽ 52 വരെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഗവേഷണം ചെയ്യാനുള്ള അവസരം കിട്ടി.
വാൻകൂവറിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ ജോലി ചെയ്യുന്ന സമയത്ത് അന്നത്തെ പ്രശസ്ത ബയോകെമിസ്റ്റുകളുമായി അടുത്തിടപഴകാൻ ഖൊരാനയ്ക്ക് അവസരം ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഒരുപാട് ഗുണംചെയ്തു.