മലയാള ഭാഷയുടെ പിതാവ്
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. മലപ്പുറത്ത് തിരൂരിലെ തൃക്കണ്ടിയൂർ ക്ഷേത്രത്തിനടുത്താണ് ജനനം. ഇപ്പോൾ ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്നു. എഴുത്തച്ഛൻ എന്നത് സ്ഥാനപ്പേരാണെന്നും രാമാനുജൻ എന്നതാണ് ശരിയായ പേരെന്നും വാദമുണ്ട്. സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ അദ്ദേഹം ഇടമുണ്ടാക്കി.'കിളിപ്പാട്ട്" എന്ന പ്രസ്ഥാനം എഴുത്തച്ഛനാണ് മലയാളത്തിന് സമ്മാനിച്ചത്.
കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയിൽ ഇതിഹാസ കഥ അദ്ദേഹം പറഞ്ഞു. പിൽക്കാല കവികൾ അദ്ദേഹത്തിന്റെഭാഷ മാതൃകയാക്കി. ഭക്തിരസമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മഹത്തായ ജീവിതതത്വങ്ങളാലുംം ദർശനങ്ങളാലും സമ്പന്നമാണ് അദ്ദേഹത്തിന്റെ കൃതികൾ. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നിവയാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ. ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം എന്നിവയും അദ്ദേഹം എഴുതിയതാണെന്ന് അഭിപ്രായമുണ്ട്.
ഉജ്ജ്വല ശബ്ദാഢ്യൻ ഉള്ളൂർ
ആധുനിക കവിത്രയത്തിൽ ഒരാളായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്ത് 1877 ജൂൺ6ന് സുബ്രഹ്മണ്യ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകനായി ജനിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.അദ്ദേഹത്തിന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം പരമേശ്വരയ്യർ ഉള്ളൂരിലേക്ക് താമസം മാറി. കഠിനസംസ്കൃതപദങ്ങൾ അദ്ദേഹം ധാരളമായി ഉപയോഗിക്കുമായിരുന്നു. 'ഉജ്ജ്വലശബ്ദാഢ്യൻ"എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു. കേരള സാഹിത്യ ചരിത്രം അദ്ദേഹം മലയാളത്തിന് നൽകിയ അമൂല്യ സംഭാവനയാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അറിവുണ്ടായിരുന്ന അദ്ദേഹം തിരുവിതാംകൂറിൽ ചീഫ് സെക്രട്ടറി, റവന്യൂ കമ്മിഷണർ എന്നീ ഉയർന്ന പദവികൾ വഹിച്ചു. 1949 ജൂൺ 15ന് അന്തരിച്ചു.
വിമർശകൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലാണ് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നതെന്ന് കരുതുന്നു. തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധൻ. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.
എ.ഡി. 1705നടുത്ത് ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് വിശ്വസിക്കപ്പെടുന്നു.
ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കിയതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. വാർദ്ധക്യത്തിൽ അദ്ദേഹം അമ്പലപ്പുഴയ്ക്ക് മടങ്ങി. ശ്രീകൃഷ്ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം കിളിപ്പാട്ട്, ദൂതവാക്യം പതിന്നാലുവൃത്തം, ശിവപുരാണം തുടങ്ങിയവയാണ് കൃതികൾ.
ആശയഗംഭീരൻ കുമാരനാശാൻ
1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. ഏഴാം വയസിൽ തുണ്ടത്തിലാശാന്റെ കീഴിൽ വിദ്യാരംഭം. തുടർന്ന് ഉടയാംകുടി കൊച്ചുരാമൻ വൈദ്യന്റെ കീഴിൽ സംസ്കൃതം പഠിച്ചു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ വിജ്ഞാനസന്ദായിനി എന്ന പാഠശാലയിൽ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ് വള്ളീ വിവാഹം. അമ്മാനപ്പാട്ട്, ഉഷാകല്യാണം, എന്നിവ. തുടർന്ന് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ സംസ്കൃത മഹാകാവ്യങ്ങൾ, നാടകങ്ങൾ, ചമ്പുക്കൾ, അലങ്കാരശാസ്ത്രം എന്നിവയിൽ അറിവു നേടി. തുടർന്ന് ശ്രീനാരായണ ഗുരുദേവന്റെ വത്സലശിഷ്യനായി.ഗുരുവിന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിനായി ബാംഗ്ലൂരിൽ പോയി. ഡോ. പല്പുവിന്റെ സഹായത്തോടെ 1898 മുതൽ 1900 വരെ ബാംഗ്ളൂർ, മദ്രാസ്, കൽക്കത്ത എന്നിവിടങ്ങളിൽ പഠനം നടത്തി.
1903ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. വിവേകോദയം മാസിക ആരംഭിച്ചു. തിരുവിതാംകൂർ ശ്രീമൂലംപ്രജാസഭയിൽ അംഗമായി. 1907 ഡിസംബറിലാണ് ആശാൻ മിതവാദി എന്ന മാസികയിൽ 'വീണപൂവ് " പ്രസിദ്ധീകരിക്കുന്നത്. 1918ൽ ഭാനുമതി അമ്മയെ വിവാഹം കഴിച്ചു. 1924 ജനുവരി 16ന് പല്ലനയാറ്റിലുണ്ടായ റെഡീമർ ബോട്ടപകടത്തിൽ അന്ത്യം.
പ്രധാനപ്പെട്ട കൃതികൾ നളിനി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ലീല, കരുണ.
കൃഷ്ണഗാഥയുടെ മാധുര്യം
ചെറുശ്ശേരി നമ്പൂതിരി 15-ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമ രാജാവിന്റെ പണ്ഡിതസദസിലെ അംഗമായിരുന്നു ചെറുശ്ശേരി . ചെറുശ്ശേരി എന്നുള്ളത് ഇല്ലപ്പേരാണെന്ന് അഭിപ്രായമുണ്ട്. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. കൃഷ്ണഗാഥയാണ് ചെറുശ്ശേരിയുടെ മുഖ്യകൃതി.
സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. മണിപ്രവാള ശൈലിയിൽനിന്ന് മലയാളത്തനിമയിലേക്കുള്ള മാറ്റമാണു ഈ കൃതിയിൽ കാണാനാവുക. ഭാഗവതം ദശമസ്കന്ദത്തിലെ കൃഷ്ണന്റെ അവതാരം മുതലുള്ള കഥയാണു കൃഷ്ണഗാഥയ്ക്കാധാരം. ഇത് നാല്പത്തിയേഴു ഭാഗങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നു. 'കൃഷ്ണഗീതി"യെന്നും കൃഷ്ണഗാഥയ്ക്ക് പേരുണ്ട്. മഞ്ജരീ വൃത്തത്തിലാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്.
ശബ്്ദ സുന്ദരൻ വള്ളത്തോൾ
കേരള വാത്മീകി, ദേശീയ കവി എന്നീ വിശേഷണങ്ങളുള്ള വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16 ന് പഴയ മലബാർ ജില്ലയിലെ പൊന്നാനി താലൂക്കിൽ ജനിച്ചു. മാതാവ് കുട്ടിപ്പാറു അമ്മ. കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതാണ് പിതാവ്. 1907ൽ വാല്മീകി രാമായണ വിവർത്തനം പൂർത്തിയാക്കി. രോഗബാധയെ തുടർന്ന് ബധിരതബാധിച്ചു. ബധിരതയുണ്ടാക്കിയ വിഷമതകളിൽ നിന്നാണ് അദ്ദേഹം 'ബധിരവിലാപം"എന്ന കാവ്യം രചിച്ചത്. 1915 ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. വള്ളത്തോൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി നേരിട്ടു ബന്ധപ്പെടുകയും കോൺഗ്രസ് അംഗമാവുകയും ചെയ്തു.
ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ഗുരുനാഥൻ എന്ന കൃതിപ്രശസ്തമാണ്. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിച്ചു. കേരളീയ കലകളുടെ ഉന്നമനത്തിനുവേണ്ടി തൃശൂരിൽ കേരളകലാമണ്ഡലം സ്ഥാപിച്ചത് വള്ളത്തോളാണ്. മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. 1958 മാർച്ച് 13ന് അന്തരിച്ചു.
മഹാകാവ്യം: ചിത്രയോഗം, ഖണ്ഡകാവ്യങ്ങൾ: മഗ്ദലനമറിയം, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ.