bollywood-stars-with-modi

ന്യൂഡൽഹി: 2014 തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കെ നരേന്ദ്ര മോദി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് യുവാക്കളിലായിരുന്നു. അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പഴയ തുറുപ്പ് ചീട്ടു തന്നെ പുറത്തെടുക്കാനൊരുങ്ങുകയാണ് മോദി എന്നാണ് ലഭിക്കുന്ന സൂചന. പ്രസ്‌തുത വാദത്തിന് ബലമേകി കൊണ്ടുള്ള ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബോളിവുഡിലെ യുവതാരങ്ങൾ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രി പങ്കെടുത്ത യോഗം സംഘടിപ്പിച്ചത് കരൺ ജോഹറും മഹാവീർ ജെയ്‌നും ചേർന്നാണ്. രാജ്യത്തിന്റെ പുരോഗതിയും നിർമാണവുമാണത്രെ യോഗത്തിൽ പ്രധാന ചർച്ചാ വിഷയമായത്. ഡൽഹിയിലായിരുന്നു യോഗം.

"മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാൻ കഴിയട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു. ഇന്ത്യൻ സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോർത്താൽ എന്താണ് നടക്കാത്തത്. മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകൾ ചെയ്യാനാകണം"- കരൺ ജോഹർ കുറിച്ചു. സിനിമാ ടിക്കറ്റുകൾക്ക് ജി.എസ്.ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കുന്നതായും കരൺ കുറിച്ചു.

കരൺ ജോഹറിനൊപ്പം രോഹിത് ഷെട്ടി, ഏക്ത കപൂർ, താരങ്ങളായ രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്‌മാൻ ഖുരാന, വിക്കി കൗശൽ, രാജ്കുമാർ റാവു, ഭൂമിക ചൗള, സിദ്ധാർഥ് മൽഹോത്ര എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.