sbi-attack-case

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ എസ്.ബി.ഐ ട്രഷറി ബ്രാ‌ഞ്ച് അടിച്ചുതകർത്ത സംഭവത്തിൽ പ്രതികളായ ഇടത് ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന നേതാക്കളിൽ മാത്രം കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. ബാങ്കിൽ അതിക്രമിച്ചു കയറിയ സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാതെ കേസ് ഒത്തുതീർപ്പാനും ശ്രമം നടത്തുന്നുണ്ട്.

അതേസമയം, കേസിൽ അഞ്ച് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതിൽ എൻ.ജി.ഒ യൂണിയന്റെ പ്രമുഖ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനിൽ, ശ്രീവത്സൻ തുടങ്ങിയവരാണുള്ളത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നില്ല. ആക്രമിക്കുമ്പോൾ രണ്ട് പേർ മാത്രമായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മൊഴി നൽകാൻ അധികൃതരുമായി ചർച്ച നടത്താനും ശ്രമമുണ്ട്. പരാതിയുമായി മുന്നോട്ട് പോയാൽ ബാങ്ക് ആക്രമിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ തുടർന്നാണ് ഒത്തുതീ‌ർപ്പ് ചർച്ചകൾ നടത്തുന്നത്.

ഡിവൈഎഫ്ഐ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീർപ്പുകാരുടെ അപേക്ഷ. എന്നാൽ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.