കൊച്ചി: കഴിഞ്ഞ ഇടത് സർക്കാർ അധികാരം ഒഴിയുന്നതിന് 209 ജീവപര്യന്തം തടവുകാരുടെ വിട്ടയച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുൾ ബെഞ്ചിന്റേതാണ് ഇത്തരവ്. പത്ത് വർഷം തടവുശിക്ഷ അനുഭവിച്ചവരെയാണ് അന്ന് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2011ൽ അന്നത്തെ ഇടത് സർക്കാർ ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം 209 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അന്ന് ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
കൊലപാതകക്കേസുകളിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
പുറത്തിറങ്ങിയ പലരും പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. മോചിപ്പിച്ച 209 ജീവപര്യന്തം തടവുകാരിൽ 14 വർഷം തടവു പൂർത്തിയാക്കിയത് അഞ്ചിൽ താഴെ പേർ മാത്രം. 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയത് നൂറിൽ താഴെ. അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.
പുനപരിശോധിക്കുമ്പോൾ ഇളവ് ലഭിച്ച് ജയിലിൽ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കിൽ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരിൽ 45 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ളവരാണ്. ഇവരിൽ 111 പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നായിരുന്നു. കണ്ണൂർ -45, ചീമേനി-24, വനിതാ ജയിൽ-ഒന്ന്, പൂജപ്പുര -28 എന്നിങ്ങനെയാണു സെൻട്രൽ ജയിലുകളിൽ നിന്നു വിട്ടയച്ചത്.
ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.