തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് മംഗലാപുരത്തേക്ക് രണ്ടു മണിക്കൂറിൽ എത്താനാകും വിധം വിഭാവനം ചെയ്തിരുന്ന അതിവേഗ റെയിൽ ഇടനാഴി സംസ്ഥാന സർക്കാർ വേണ്ടെന്നുവച്ചു. ഇതിനായി 10 വർഷം മുമ്പ് ആരംഭിച്ച കേരള ഹൈസ്പീഡ് റെയിൽ കോർപറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് സെമി ഹൈസ്പീഡ് പദ്ധതിക്കായി കേരളാ റെയിൽ വികസന കോർപറേഷൻ രൂപീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിലെ റെയിൽപ്പാതകൾക്കു സമാന്തരമായുള്ള വേഗപാതയാണ് ലക്ഷ്യം.
അതിവേഗ റെയിൽ ഇടനാഴിക്കായി പ്രത്യേക കോർപറേഷൻ ആരംഭിച്ചത് 2009 ലാണ്. റിട്ട. അഡി. ചീഫ്‌സെക്രട്ടറി ടി. ബാലകൃഷ്ണൻ ആയിരുന്നു കോർപ്പറേഷൻ ചെയർമാൻ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) സഹകരണത്തോടെ സർവേ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിർപ്പു കാരണം ചില സ്ഥലങ്ങളിൽ മുടങ്ങി. പിന്നീട് ഡി. എം.ആർ.സി സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകി.
പദ്ധതിക്ക് കൂടുതൽ സ്ഥലം വേണ്ടിവരും എന്നതും, സർവേയ്ക്കിടെ ഉണ്ടായ പ്രാദേശിക എതിർപ്പുകളും ഭീമമായ സാമ്പത്തികച്ചെലവും കണക്കിലെടുത്താണ് സർക്കാർ സെമി ഹൈസ്പീഡ് പദ്ധതിയിലേക്കു തിരിഞ്ഞത്.