സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് രാജ്യം യുവജനദിനമായി ആചരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ട് രാജ്യത്തിനു സമ്മാനിച്ച മഹാപ്രതിഭയായിരുന്നു സ്വാമി വിവേകാനന്ദൻ. രാജ്യത്തിന്റെ യുവത്വത്തെ തൊട്ടുണർത്താൻ സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
1863 ജനുവരി 12 ന് ജനിച്ച് 1904 ജൂലായ് നാലിന് ലോകത്തോട് വിട പറഞ്ഞ സ്വാമി വിവേകാനന്ദൻ കേവലം മുപ്പത്തൊൻപത് വർഷത്തെ ജീവിതത്തിനിടയിൽ തന്റെ സാമൂഹിക വീക്ഷണങ്ങളിലൂടെയും , നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും ലോകജനതയുടെ ആദരവ് നേടി. ഇച്ഛാശക്തിയും കരുത്തുമുള്ള യുവതലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും, യുവത എപ്പോഴും കർമ്മനിരതരായിരിക്കണമെന്നും തുടർച്ചയായി അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. 1893 സെപ്തംബർ 11 ന് ചിക്കാഗോയിൽ വച്ച് നടന്ന ലോക സർവമത സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലൂടെയാണ് സ്വാമി വിവേകാനന്ദന് ലോകശ്രദ്ധ ലഭിക്കുന്നത് . 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരെ' എന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗത്തിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണം വ്യക്തമാക്കപ്പെട്ടു. ലോകത്ത് എല്ലാ മനുഷ്യരെയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപിടിച്ചത്. അദ്ദേഹത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ ഈകാലഘട്ടത്തിലും പ്രസക്തമായി നിൽക്കുന്നു. കേരളത്തിലും അവ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ശ്രീരാമകൃഷ്ണമിഷനും, മഠവും സ്ഥാപിച്ച് അദ്ദേഹം സാമൂഹിക-സാമ്പത്തിക രംഗത്തെ തന്റെ വീക്ഷണങ്ങൾ പ്രചരിപ്പിച്ചു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്നതിനൊപ്പം, അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ, പാവങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിച്ചു. പട്ടിണി നിർമ്മാർജ്ജനം ചെയ്തിട്ടാണ് ദൈവത്തെ കാണാൻ ആവശ്യപ്പെടേണ്ടതെന്ന് പ്രസ്താവന നടത്തി. സ്വാമി വിവേകാനന്ദന്റെ, കേരളം - ഭ്രാന്താലയമെന്ന പ്രസ്താവനയും കേരളത്തിന്റെ നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയുമൊക്കെ ഗൗരവമായി സമൂഹം ചർച്ച ചെയ്യുന്ന കാലയളവിലാണ് ഇത്തവണത്തെ വിവേകാനന്ദദിനം ആചരിക്കുന്നത്.
കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളുടെയും ജാതീയമായ അടിച്ചമർത്തലുകളുടെയും ഇരയാകേണ്ടിയും വന്നു സ്വാമിവിവേകാനന്ദന്. കേരളം ഭ്രാന്താലയമെന്ന വിശേഷണം അദ്ദേഹം നൽകിയത് തനിക്ക് നേരിട്ട ആ തിക്താനുഭവത്തിൽ നിന്നാണ്. ലോകസർവമത സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം 1892 നവംബറിൽ കേരള സന്ദർശനവും നടത്തിയിരുന്നു.
സ്വാമി വിവേകാനന്ദന്റെ കേരളം ഭ്രാന്താലയമെന്ന വിമർശനം കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് കരുത്ത് പകർന്നിട്ടുണ്ട്. കേരളീയ സമൂഹം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി മുന്നേറുകയായിരുന്നു. ഈ മുന്നേറ്റത്തിന്റെ ചാലകശക്തിയായി നവോത്ഥാന നായകരും, അവർ നയിച്ച നവോത്ഥാന പ്രക്രിയയും കർഷക-തൊഴിലാളി പ്രസ്ഥാനങ്ങളും മാറുകയും ചെയ്തതിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന കേരളം.
ആ കാലഘട്ടത്തിലെ ഹൈന്ദവ ആചാരങ്ങളുടെ പൊളിച്ചെഴുത്തിന് ശ്രീനാരായണഗുരു 1888 ലെ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയിലൂടെ നേതൃത്വം കൊടുത്തു. ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അടിസ്ഥാന ശിലകളെ തകർക്കാനും, സവർണ മേൽക്കോയ്മക്കെതിരെയുള്ള മുന്നേറ്റമായി മാറ്റാനും അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുവിന് സാധിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ മാനവികതയിൽ ഊന്നി അവബോധം സൃഷ്ടിക്കാൻ ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും, പൊയ്കയിൽ അപ്പച്ചനും, സഹോദരൻ അയ്യപ്പനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയും മന്നത്തു പത്മനാഭനും വക്കംമൗലവിയും തുടങ്ങി ഒട്ടേറെപ്പേർ നിർണായക സംഭാവന നൽകി. ഇവരുടെയെല്ലാം പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് നാം കാണുന്ന കേരളം രൂപപ്പെട്ടത്.സ്വാമിവിവേകാനന്ദൻ ഉയർത്തിപിടിച്ച മാനവികതയ്ക്കായി ഉണർന്ന് പ്രവർത്തിക്കാൻ നമുക്ക് ഈ യുവജനദിനത്തിൽ പ്രതിജ്ഞയെടുക്കാം.
( ലേഖകൻ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാണ് )