ന്യൂഡൽഹി: സഹോദരിയുടെ മകനെ കൊലപ്പെടുത്തിയ ശേഷം ബാൽക്കണിയിൽ മണ്ണിട്ട് മൂടി ചെടി വളർത്തിയ പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് അറസറ്റ് ചെയ്തു. ഒഡീഷ സ്വദേശിയാണ് പ്രതി ബിജയ് കുമാർ മഹാറാണ. കൊലപാതകത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. തന്റെ കാമുകിയുമായി മരുമകന് ബന്ധമുണ്ടെന്ന് സംശയിച്ചാണ് 37കാരനായ ബിജയ്കുമാർ മരുമകനായ ജയപ്രകാശിനെ കൊലപ്പെടുത്തിയത്.
2012ൽ കാമുകി ഡൽഹിയിലേക്ക് താമസം മാറ്റിയതിന് പിന്നാലെ ബിജയ് കുമാറും അവിടെ എത്തിയിരുന്നു. ഒരു ഐ.ടി കമ്പനിയിൽ ജോലി സ്ഥിരപ്പെട്ടതിനെ തുടർന്നാണ് 2015ൽ ജയപ്രകാശ് ഹൈദരാബാദിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് അമ്മാവനൊപ്പം താമസിക്കുകയായിരുന്നു ജയപ്രകാശ്. അതേസമയം അമ്മാവന്റെ കാമുകിയുമായി ജയ് വളരെ അടുക്കുകയായിരുന്നു. ഇത് ബിജയ്ക് തീരെ ഇഷ്ടമായിരുന്നില്ല സംശയത്തെ തുടർന്ന് ഇയാൾ മരുമകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ജയപ്രകാശ് ഉറങ്ങുന്ന നേരത്ത് സീലിംഗ് ഫാനിന്റെ മോട്ടോർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റിപ്പയറിംഗിനായി മാറ്റിവെച്ചിരുന്ന ഫാനിന്റെ മോട്ടോറാണ് കൊലപ്പെടുത്താനായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം. മുൻകൂട്ടി നിശ്ചയിച്ചത് പോലെ ബാൽക്കണിയിൽ ശേഖരിച്ചിരുന്ന മണ്ണിൽ മൃതശരീരം ഒളിപ്പിക്കുകയായിരുന്നു ബിജയ്. ആരും സംശയിക്കാതിരിക്കാനായി അവിടെ ചെടികൾ നട്ട് പിടിപ്പിക്കുകയും ചെയ്തു. ഒരാഴ്ചക്ക് ശേഷം ജയപ്രകാശിനെ കാണാനില്ലെന്ന് കാണിച്ച് ബിജയ് പൊലീസിൽ പരാതി നൽകിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ ജയപ്രകാശ് പിന്നെ തിരികെ എത്തിയില്ലെന്നായിരുന്നു പരാതി. സംഭവത്തിന് ശേഷം രണ്ട് മാസത്തോളം ഇയാൾ ഫ്ലാറ്റിൽ താമസിക്കുകയും ശേഷം മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. 2017ൽ ഹൈദരാബാദിലേക്ക് തിരിച്ച് പോവുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ ബിജയ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനിടെയാണ് ബാൽക്കണിയിൽ നിന്ന് ജയപ്രകാശിന്റെ അസ്ഥികൂടം ലഭിച്ചതിനെ തുടർന്നാണ് സംഭവം ലോകമറിഞ്ഞത്. ഒരു ജാക്കറ്റും, ഷർട്ടും, പുതപ്പും കൊണ്ട് മൂടിയ നിലയിലായിരുന്നു അസ്ഥകൂടം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫ്ലാറ്റ് ഉടമയിൽ നിന്നാണ് ബിജയിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ബിജയ്ക്ക് ശേഷം മറ്റ് രണ്ടുപേർ അതേ ഫ്ലാറ്റിൽ താമസിച്ചിരുന്നു. അവരും മൃതദേഹം അവിടെ ഒളിപ്പിച്ച വിവരം അറിഞ്ഞിരുന്നില്ല.
ബിജയിയെ കുറിച്ച് വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിവുണ്ടായിരുന്നില്ല. അപ്പോഴേക്കും ബിജയ് ഫോൺ നമ്പർ മാറ്റുകയും പണം പിൻവലിച്ച ശേഷം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ബിജയിയെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഡിസംബർ 26ന് ഡൽഹി പൊലീസ് വിശാഖപട്ടണത്ത് എത്തുകയും പിന്നീട് ഹൈദരാബാദിൽ എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ശേഷം ബിജയിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ഡൽഹിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.