പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ സമരത്തിൽ സജീവ പങ്കാളികളായവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ പൊലീസ് വീട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. പൊലീസിനെ ആക്രമിച്ചവരെയും പൊതുമുതൽ നശിപ്പിച്ചവരെയും ക്രിമിനൽ കേസിൽപ്പെട്ടവരെയും ഒഴിവാക്കി മറ്റുള്ളവർക്ക് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് ജില്ലാ പൊലീസ് ചീഫ് ടി.നാരായണൻ അറിയിച്ചതായാണ് വിവരം. ഇല്ലെങ്കിൽ തിരുവാഭരണ ഘോഷയാത്ര നടക്കില്ലെന്ന ശക്തമായ നിലപാട് പന്തളം കൊട്ടാരം സ്വീകരിച്ചതോടെയാണ് പൊലീസ് അയഞ്ഞത്.
തിരുവാഭരണ പേടകവും പല്ലക്കും ചുമക്കുന്നവരെ പന്തളം കൊട്ടാരമാണ് നിശ്ചയിക്കുക. ഇവരുടെ പട്ടികയും പൊലീസിന് നൽകണം. പൊലീസിന്റെ കത്ത് സംബന്ധിച്ച് ദേവസ്വം ബോർഡും കൊട്ടാരവും ചർച്ച നടത്തിയിരുന്നു. തിരുവാഭരണ പേടകം വഹിക്കുന്ന 22 അംഗ സംഘവും അനുഗമിക്കുന്നവരും ഉൾപ്പെടെ നൂറിൽ താഴെ ആൾക്കാരെയാണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. ഇവരിൽ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരും കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഉള്ളതിനാൽ പൊലീസ് നിർദേശം പ്രായോഗികമല്ലെന്നാണ് പന്തളം കൊട്ടാരം അറിയിച്ചത്.
അതേസമയം, ഗുരുതര ക്രിമിനിൽ കേസുകളിൽ ഉൾപ്പെട്ടവരെ ഉദ്ദേശിച്ചാണ് കത്തു നൽകിയതെന്ന് പൊലീസ് ചീഫ് ടി. നാരായണൻ പറഞ്ഞു. ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക ഇന്ന് വൈകിട്ട് 4ന് മുൻപ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിർദ്ദേശം. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നവർക്ക് മാത്രമേ ദേവസ്വം ബോർഡ് തിരിച്ചറിയൽ കാർഡ് കിട്ടുകയുള്ളൂ. സമരക്കാരുടെ ചിത്രങ്ങൾ പൊലീസിന്റെ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതികളായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നും നാളെ ഉച്ചയ്ക്ക് മുമ്പായുമാണ് തിരിച്ചറിയൽ കാർഡ് നൽകുക. നാളെ ഉച്ചയ്ക്ക് 1ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.