കൊച്ചി: 2011ലെ ഇടത് സർക്കാർ ഉത്തരവ് പ്രകാരം ജയിൽ വകുപ്പ് വിട്ടയച്ച 209 പ്രതികളിൽ യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ അഞ്ച് പ്രതികളെയാണ് പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തി വിട്ടയച്ചത്. 2011ലെ സർക്കാർ അധികാരം ഒഴിയുന്നതിന് 209 ജീവപര്യന്തം തടവുകാരുടെ വിട്ടയച്ച സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
1999 ഡിസംബർ ഒന്നിന് പകൽ 10.30ന് മൊകേരി യു.പി. സ്‌കൂൾ ക്ലാസ് മുറിയിലാണ് ജയകൃഷ്ണൻ വെട്ടേറ്റുമരിച്ചത്. നാൽപതോളം കുട്ടികളുടെ മുന്നിൽ പഠിപ്പിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 55 മുറിവുകൾ ജയകൃഷ്ണന്റെ മൃതദേഹത്തിൽ കാണപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.