ഗ്രിഗറി കാൾ അറ്റന്റു ചെയ്തു.
മൂസയുടെ ശബ്ദം കേട്ടു.
''ഇങ്ങോട്ട് ഒന്നും പറയണ്ടാ. നിങ്ങൾ എവിടെയാണെന്നു പോലും. പോലീസ് ഫോൺ ചോർത്താൻ ഇടയുണ്ട്."
''മനസ്സിലായി.. " ഗ്രിഗറി പറഞ്ഞു.
''നമ്മുടെ അതിഥി" എന്തിയേ?
''ഇവിടുണ്ട്."
''സൂക്ഷിക്കണം. ആരാണെന്ന് അറിയില്ലെങ്കിലും അവനെ.. ആ മുസാഫിർ സുബ്രഹ്മണ്യ ഈശോയെ."
''അറിയാം."
''പിന്നെ അതിഥിയിൽ നിന്ന് ഇന്നുരാത്രി എല്ലാ വിവരവും മനസ്സിലാക്കിയിരിക്കണം. നമുക്ക് നേരിൽ കാണാം..."
''ശരി അണ്ണാ..."
ഗ്രിഗറി കാൾ മുറിച്ചു. പിന്നെ അപ്പോൾ വന്നവരെ നോക്കി.
എല്ലാം അകത്തുകൊണ്ടു വയ്ക്ക്."
അവർ പ്ളാസ്റ്റിക് ക്യാരി ബാഗുകൾ ഡൈനിങ് റൂമിലെ മേശപ്പുറത്ത് കൊണ്ടുവച്ചു.
ഒരാൾ അതിൽ നിന്ന് ചപ്പാത്തിയും പൊരിച്ച കോഴിയും മദ്യക്കുപ്പികളും എടുത്ത് നിരത്തി.
''അവനെക്കൂടി വിളിക്കണ്ടേ?"
അയാൾ അവിടേക്കു ചെന്നു ഗ്രിഗറിയെ നോക്കി.
''വിളിക്ക്."
അയാൾ അടുത്ത മുറിയിലേക്കു പോയി. അല്പം കഴിഞ്ഞ് തോട്ടം സൂക്ഷിപ്പുകാരനെ വിളിച്ചുകൊണ്ടുവന്നു.
നടരാജൻ. അതായിരുന്നു തോട്ടം സൂക്ഷിപ്പുകാരന്റെ പേര്. അപ്പോഴും അയാളുടെ കാലുകൾ വേച്ചു പോകുന്നുണ്ടായിരുന്നു.
''ചേട്ടൻ ഇവിടിരിക്ക്."
ഗ്രിഗറി അയാളെ പിടിച്ച് ഒരു കസേരയിലിരുത്തി.
മുന്നിൽ മദ്യക്കുപ്പി കണ്ടപ്പോൾ അതുവരെ പകുതി തുറന്നിരുന്ന നടരാജന്റെ കണ്ണുകൾ മുഴുവനും തുറന്നു.
''ഒഴിക്ക് വേഗം." അയാൾ നാവു നീട്ടി ചൊടി നനച്ചു.
ഗ്രിഗറിക്ക് ആ ആർത്തി കണ്ടപ്പോൾ ദേഷ്യം വന്നു. പക്ഷേ കടിച്ചമർത്തി. അയാൾ കൂട്ടാളികളിൽ ഒരാൾക്ക് കണ്ണുകൊണ്ട് ഒരു സംജ്ഞ നൽകി.
കൂട്ടാളി അര ഗ്ളാസോളം 'റം" പകർന്നു.
വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് അകത്താക്കി നടരാജൻ. പിന്നെ ഒരു ചപ്പാത്തിയെടുത്തു ചുരുട്ടി. ഒരു കയ്യിൽ ചിക്കൻ പീസും എടുത്തു.
രണ്ടിലും മാറി മാറി കടിക്കാൻ തുടങ്ങി.
എന്നാൽ....
സ്പാനർ മൂസ ഗ്രിഗറിയെ വിളിച്ചു പറഞ്ഞത് സൈബർ സെൽ യൂണിറ്റിൽ ഉണ്ടായിരുന്നവർ പിടിച്ചെടുത്തു. ആ വിവരം അപ്പോൾത്തന്നെ ബിന്ദുലാലിനെ അറിയിച്ചു.
ജില്ലാ സ്റ്റേഡിയത്തിൽ നിന്നു മടങ്ങാൻ ഭാവിക്കുമ്പോഴാണ് ബിന്ദുലാലിന് വിവരം കിട്ടുന്നത്.
അയാൾ ഒപ്പമുള്ള നാലുപേരോടും വിവരം പറഞ്ഞു.
'അതിഥി" വിജയ തന്നെ ആയിരിക്കുമെന്ന് അവർ ഊഹിച്ചു.
അറ്റന്റു ചെയ്യപ്പെട്ട ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ബിന്ദുലാൽ സൈബർ സെല്ലിൽ തനിക്കു പകരമിരിക്കുന്ന എസ്.ഐയോട് പറഞ്ഞു.
വളരെ പെട്ടെന്നു തന്നെ മറുപടി കിട്ടി.
''സ്ഥലം റാന്നിയാണ്. ആ ഫോൺ ഇപ്പോഴും അവിടെത്തന്നെയുണ്ട്."
''എങ്കിൽ ഞങ്ങൾ അങ്ങോട്ടു തിരിക്കുകയാ... ഞങ്ങടെ ലൊക്കേഷൻ കൂടി നോക്കിയിട്ട് സ്ഥലം പറഞ്ഞുതരണം."
അറിയിച്ചിട്ട് മറ്റുള്ളവരെയും കൂട്ടി ബിന്ദുലാൽ ബൊലേറോയിൽ കയറി. പോലീസ് വാഹനം റാന്നിക്കു പാഞ്ഞു.
ആ സമയം ജാതിത്തോട്ടത്തിനു നടുവിലെ വീട്ടിൽ മദ്യസേവയും ഭക്ഷണവും അവസാനിപ്പിച്ചിട്ട് ഗ്രിഗറിയും കൂട്ടരും എഴുന്നേറ്റു.
കൈ കഴുകുക പോലും ചെയ്യാതെ നടരാജൻ വീണ്ടും കിടക്കാൻ പോയി.
ഗ്രിഗറിയും സംഘവും കൈ കഴുകി.
ഓരോ സിഗററ്റിനു തീ കൊളുത്തി പുകയൂതി.
''ഇന്ന് അവളിൽ നിന്ന് എല്ലാം അറിയണമെന്നാ സ്പാനർ അണ്ണൻ പറഞ്ഞിരിക്കുന്നത്. വാ...."
അയാൾ മറ്റുള്ളവരെയും കൂട്ടി പിങ്ക് പോലീസ് എസ്.ഐ വിജയയെ ബന്ധിച്ചിരുന്ന മുറിയിലേക്കു ചെന്നു.
പാദപതന ശബ്ദം കേട്ടപ്പോൾത്തന്നെ വിജയ കണ്ണുകൾ ഇറുക്കിയടച്ചു.
ഗ്രിഗറി ഒരു തെറി വിളിച്ചുകൊണ്ട് പറഞ്ഞു:
''അവടെ ഒരു ഒറക്കം. ഒഴിക്കെടാ. അവടെ തലേലേക്ക് വെള്ളം."
കൂട്ടാളികളിൽ ഒരാൾ അവിടെയിരുന്ന ഒരു ബക്കറ്റ് വെള്ളമുയർത്തി അവളുടെ മുഖത്തേക്കു ചെപ്പി....
വിജയയുടെ ശിരസ്സിലൂടെയും വായിൽ തിരുകിയ തുണിയിലൂടെയും വെള്ളമൊഴുകി....
(തുടരും)