ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ജിസ് ജോയ്-ആസിഫ് അലി എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'വിജയ് സൂപ്പറും പൗർണമിയും'. തന്റെ മൂന്നു ചിത്രങ്ങളും ഹിറ്റായതോടെ ഭാഗ്യനായികയെന്ന് ഇൻഡസ്ട്രിയിൽ വിളിപ്പേരുളള ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
തെലുങ്കിൽ നിന്നുമുളള മലയാളം മൊഴിമാറ്റ ചിത്രങ്ങളിൽ അല്ലു അർജുന്റെ ശബ്ദസാന്നിദ്ധ്യമായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി, പിന്നീട് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞ സംവിധായകനാണ് ജിസ് ജോയ്. കോമഡിത്രില്ലർ ചിത്രമായ 'ബൈസിക്കിൾ തീവ്സ്'ലൂടെയും ഫീൽ ഗുഡ് സിനിമയായ 'സൺഡേ ഹോളിഡേ'യിലൂടെയും പ്രേക്ഷകരെ കൈയിലെടുത്ത അദ്ദേഹം ഈ ചിത്രത്തിലും പതിവ് ഫീൽ ഗുഡ് സമീപനം തരക്കേടില്ലാതെ കൈകാര്യം ചെയ്തിരിക്കുന്നതിനാൽ 'വിജയ് സൂപ്പറും പൗർണമിയും' പ്രേക്ഷകരെ ഒട്ടുംതന്നെ നിരാശപ്പെടുത്തുന്നില്ല.
എഞ്ചിനീയറിംഗ് കഷ്ടപ്പെട്ട് പാസ്സായെങ്കിലും ഷെഫ് ആവാനാണ് വിജയ് (ആസിഫ് അലി) ആഗ്രഹിക്കുന്നത്. പൗർണമി (ഐശ്വര്യ ലക്ഷ്മി)യാവട്ടെ, എം.ബി.എ കഴിഞ്ഞ് ഒരു ബിസിനസ് തുടങ്ങാനുളള ആഗ്രഹത്തിലാണ്. എന്നാൽ, രണ്ടുപേരുടെയും രക്ഷിതാക്കൾ തങ്ങളുടെ മക്കൾ എത്രയും പെട്ടെന്ന് ആരെയെങ്കിലും വിവാഹം ചെയ്തുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെയിരിക്കെ, പൗർണമിയെ പെണ്ണ് കാണാനെത്തുന്ന വിജയ് അവളോടൊപ്പം ഒരു മുറിയിൽ കുടുങ്ങുകയും, മുറി തുറന്നുകിട്ടുന്നതുവരെ പരസ്പരം മനസ്സു തുറക്കുകയും ചെയ്യുന്നു. കല്യാണം നടക്കുന്നില്ലെങ്കിലും അവരൊരുമിച്ച് തുടർന്ന് ഒരു ബിസിനസ് തുടങ്ങുന്നതോടെ ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ മുഹൂർത്തങ്ങളാണ് 'വിജയ് സൂപ്പറും പൗർണമിയും' പറയുന്നത്.
ലക്ഷ്യബോധമില്ലാതെ ഉഴലുന്ന യുവാക്കളുടെ കഥ പല തവണ അഭ്രപാളിയിൽ നമ്മൾ കണ്ടിട്ടുളളതാണ്. സമാനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നതുകൊണ്ടു തന്നെ, ആവർത്തനവിരസത കൊണ്ട് മടുപ്പിച്ചേക്കാവുന്ന ഒരു കഥയെ ജിസ് ആറ്റിക്കുറുക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻചിത്രങ്ങളേക്കാൾ നന്നായി എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇതെന്ന് നിസംശയം പറയാം. ഒരുപാട് കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും, അനാവശ്യമെന്ന് തോന്നുന്ന ഒറ്റ സീനുകളും സിനിമയിലില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകനെ ചിത്രം ഒരിക്കൽ പോലും വല്ലാതെ മടുപ്പിക്കുന്നുമില്ല.
എന്തിനും ഏതിനും ഒരുപാട് പേരോട് മാത്രം ചോദിച്ച് തീരുമാനമെടുക്കുന്ന, ആത്മവിശ്വാസം അൽപം കുറഞ്ഞ ചെറുപ്പക്കാരനായി, വളരെ അഭിനയപ്രാധാന്യമുളള കഥാപാത്രം അല്ലെങ്കിൽക്കൂടി ആസിഫ് അലി തന്റെ ഭാഗം തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ആസിഫിന്റെ കഴിവുകളെയും പരിമിതികളെയും തിരിച്ചറിഞ്ഞ് കൃത്യമായി ഉപയോഗിക്കുന്ന സംവിധായകനാണ് ജിസ് ജോയ് എന്ന് അവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്ന മൂന്നാമത്തെ ചിത്രത്തോടുകൂടി മനസ്സിലാക്കാം.
വിജയ് സൂപ്പറാണെങ്കിൽ, പൗർണമി കിടിലനാണ്. തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ, എത്ര പരാജയങ്ങൾ നേരിടേണ്ടി വന്നാലും പൊരുതി മുന്നോട്ട് നീങ്ങുന്ന ചെറുപ്പക്കാരിയായി ഐശ്വര്യ ലക്ഷ്മി അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വളരെ സാധാരണമെന്ന് തോന്നാവുന്ന, ഊഹിക്കാനാവുന്ന ഒരു കഥാതന്തുവായിട്ടുകൂടി, അതിനെ ഇത്രത്തോളം നന്നാക്കിയെടുക്കുന്നതിൽ ഐശ്വര്യ ലക്ഷ്മിയുടെ സ്‌ക്രീൻ പ്രസൻസ് വഹിക്കുന്ന പങ്ക് വിസ്മരിക്കാനാവുന്നതല്ല.
വിജയുടെ അച്ഛനായി സിദ്ദിഖും പൗർണമിയുടെ അച്ഛനായി രഞ്ജി പണിക്കരും വൈകാരികരംഗങ്ങൾ അസാമാന്യ കൈയടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.
പൗർണമിയെപ്പോലെ ശക്തയായ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യം കൊണ്ടും അതിലുപരി, അവളുടെ എല്ലാ ഇഷ്ടാനിഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്ന മാതാപിതാക്കളുടെ നിലപാടുകൾ കൊണ്ടും സ്ത്രീപക്ഷരാഷ്ട്രീയത്തിലൂന്നിത്തന്നെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുന്നതിനെപ്പറ്റിയുളള രക്ഷിതാക്കളുടെ ഏറ്റവും വലിയ ടെൻഷൻ, നല്ല കുടുംബത്തിൽ നിന്ന് പയ്യനെ കിട്ടുമോ എന്നതല്ല, മറിച്ച് തങ്ങളുടെ മകൾ വിട്ടുപോവുമല്ലോ എന്നതാണെന്നും, പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് രക്ഷിതാക്കൾ വിവാഹം കൊണ്ട് വിലങ്ങുതടി വെക്കരുതെന്നുമെല്ലാം ചിത്രം ഓർമ്മപ്പെടുത്തുന്നു. പൗർണമിയുടെ അമ്മയായി ശാന്തികൃഷ്ണയും തന്റെ കഥാപാത്രം നന്നായി ചെയ്തിരിക്കുന്നു.
ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, ദർശന രാജേന്ദ്രൻ, കെപിഎസി ലളിത, ദേവൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റെണദിവെ ഛായാഗ്രഹണവും, 4 മ്യൂസിക്സ്, പ്രിൻസ് ജോർജ് എന്നിവർ സംഗീതവിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നു.
പ്രവൃത്തികളാണ് വാക്കുകളേക്കാൾ ശക്തം എന്നതുകൊണ്ടു തന്നെ, സിദ്ദിഖിന്റെ കഥാപാത്രം ഇടക്കിടക്ക് ഉയർത്തിപ്പിടിക്കുന്ന ഉപദേശങ്ങളും സാരോപദേശകഥകളും നാടകീയ സംഭാഷണങ്ങൾ കൊണ്ട് തെല്ലൊന്ന് അലോസരപ്പെടുത്തിയേക്കാമെങ്കിലും, 'വിജയ് സൂപ്പറും പൗർണമിയും' വെറുമൊരു ഉപദേശപ്പടം മാത്രമല്ല.
2016ലെ മികച്ച തിരക്കഥയ്ക്കും മികച്ച തെലുഗു ചിത്രത്തിനുമുളള ദേശീയപുരസ്‌കാരം ലഭിച്ച വിജയ് ദേവരക്കൊണ്ട, റീതു വർമ എന്നിവരഭിനയിച്ച 'പീലി ചൂപുലു' എന്ന സിനിമയുടെ മലയാളം റീമേക്ക് ആണ് വിജയ് സൂപ്പറും പൗർണമിയും. 'പീലി ചൂപുലു' വിന്റെ സംവിധായകനായ തരുൺ ഭാസ്‌കറിന്റെ പ്രസ്തുത കഥയെ ആസ്പദമാക്കി മലയാളം തിരക്കഥ രചിച്ചിരിക്കുന്നത് ജിസ് ജോയ് തന്നെയാണ്.
ഈ വർഷത്തെ ആദ്യറിലീസുകളിലൊന്നായ 'വിജയ് സൂപ്പറും പൗർണമിയും' സുഹൃത്തുക്കളോടൊത്തും, കുടുംബസമേതവുമെല്ലാം ആസ്വദിച്ച് കാണാവുന്ന ഫീൽ ഗുഡ് എന്റർടെയിനറാണ്.
Rating 3.5/5