കൊച്ചി: മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അപേക്ഷയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ. താൻ കെട്ട് നിറച്ചിട്ടുണ്ടെന്നും ദർശനം നടത്തേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ സീസണിൽ തന്നെ പോകണോ എന്നായിരുന്നു കോടതിയുടെ മറുപടി. ഏതെങ്കിലും ഒന്നാം തീയതി പോയാൽ പോരെ എന്നും കോടതി ചോദിച്ചു. ശബരിമലയിലെ സ്ഥിതി ഇപ്പോൾ ശാന്തമാണ് അത് തകർക്കുമോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞു.
ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് പ്രതി എന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഈ സീസണിൽ പ്രതിക്ക് ദർശനത്തിന് അവസരമൊരുക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ സുരേന്ദ്രന്റെ ഹർജി വരുന്ന തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവച്ചു.
ചിത്തിര ആട്ടവിശേഷത്തിന് കുഞ്ഞിന്റെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 23ദിവസത്തെ ജയിൽ വാസത്തിന് ശേഷം കർശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കോടതി നിർദേശം.