ടോക്യോ:ടോക്കിയോയിൽ 2020ൽ നടത്തുന്ന ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങൾക്കിടെ ജപ്പാൻകാരുടെ മുഴുവൻ ശ്രദ്ധ കവരുകയാണ് 'ഉണ്ടക്കണ്ണും' ആറടി ഉയരവുമുള്ള മെലിഞ്ഞ സുന്ദരി. ടോക്കിയോയിലെ സബ്‌വേയിൽ പ്രത്യക്ഷപ്പെട്ട ഇവളുടെ പേര് അരീസ.
കക്ഷി വെറും പെണ്ണല്ല, വരും തലമുറ റോബോട്ടാണ്. ഒപ്പമുള്ള ടച്ച് സ്ക്രീൻ മോണിറ്റർ വഴി ചോദ്യങ്ങൾ ചോദിക്കാം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിശ്രമസ്ഥലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞുതരും. അവിടേക്കെത്താനുള്ള ഗതാഗത മാർഗ്ഗങ്ങൾ, ട്രെയിൻ ടിക്കറ്റ് നിരക്ക് തുടങ്ങി ട്രെയിൻ സമയത്തിൽ മാറ്റമുണ്ടെങ്കിൽ അതുവരെ അരീസ മണി മണിയായി പറയും. ഇംഗ്ളീഷ്, ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകൾ അനായാസം സംസാരിക്കും.
സുന്ദരിയായ അരീസയ്ക്കൊപ്പം ഒരു സെൽഫിയെടുക്കണോ? ചോദിച്ചാൽ മതി, അവൾ സെൽഫിക്കായി പോസ് ചെയ്യും.
2020ലെ ഒളിമ്പിക്സിനോടനുബന്ധിച്ച് എത്തുന്ന ടൂറിസ്റ്റുകളെ സഹായിക്കാൻ ടോക്യോ സബ്‌വേ സ്റ്റേഷനുകളിലാണ് 'ബഹുഭാഷാ വിദഗ്ദ്ധ'യായ അരീസാ റോബോട്ടിനെ ഇറക്കിയിരിക്കുന്നത്. സിറ്റിയിലെ രണ്ട് സബ്‌വേകളിൽ അരീസ പരീക്ഷിച്ച് വിജയം കണ്ടിരുന്നു. അനായാസേന ആശയവിനിമയം നടത്തുന്ന അരീസയ്ക്ക് ആരാധകരേറെയാണ്. ജപ്പാനിലെ അരൂസ് ഗെയിമിംഗ്, ചിക്കാഗോയിലെ ടി.എച്ച്.കെ എന്നീ കമ്പനികളാണ് അരീസയെ വികസിപ്പിച്ചത്.