kumarakom

കോട്ടയം: മാസങ്ങൾക്ക് മുൻപ് കുമരകത്തെ മാതൃകാ വിനോദ സഞ്ചാര കേന്ദ്രമായി കേന്ദ്ര സർക്കാർ തെരഞ്ഞെടുക്കുകയും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നേരിട്ടെത്തി നൂറ് കോടിയുടെ ടൂറിസം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഒന്നും നടന്നില്ല. സംസ്ഥാന സർക്കാരിന്റെ അലംഭാവമാണ് പദ്ധതി വൈകാൻ കാരണമായി പറയുന്നത്.

കണ്ണന്താനം വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു. ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാരും പഞ്ചായത്തും ഏറ്റെടുത്തുനൽകിയാൽ മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കാമെന്നും 100 കോടിയല്ല 200 കോടി വേണമെങ്കിലും നൽകുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ കോട്ടയം കുമരകം റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് പോലും എങ്ങുമെത്താതെ സ്ഥിതിയാണ്.

ചർച്ചയിലെ നിർദേശങ്ങൾ:

കനാലുകൾ ആഴം കൂട്ടി വശങ്ങൾ കെട്ടുക, കായലിലെയും ആറുകളിലെയും തോടുകളിലെയും പായൽനീക്കുക. ഹൗസ് ബോട്ടുകൾ പൂർണമായും സോളർ എനർജിയിലേക്ക് മാറ്റുക. കായൽത്തീര റോഡുകൾ വൃത്തിയാക്കി മെച്ചപ്പെടുത്തുക, മതിയായ ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കുക. വാട്ടർ സ്‌പോർട്സ് അക്കാഡമിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും നിർമിക്കുക. വിദേശ രാജ്യങ്ങളിലേതുപോലെ വൃത്തിയും ഭംഗിയുമുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഒരുക്കുക, മാലിന്യ നിർമാർജനം, പ്ലാസ്റ്റിക് ബോട്ടിൽ ഡിസ്‌പോസൽ,റീസൈക്ലിംഗ് , സാംസ്‌കാരിക കേന്ദ്രം, ആലപ്പുഴകുമരകം കനാൽ ശുദ്ധീകരണം, കുമരകംആലപ്പുഴ പാത വീതികൂട്ടൽ, ഫാസ്റ്റ് ബോട്ട് സർവീസ്, കായൽ മാർഗമുള്ള ഗതാഗതത്തിന് ആവശ്യമായ സൗകര്യങ്ങൾ, വേമ്പനാട് കായൽ മാലിന്യമുക്തമാക്കുക തുടങ്ങിയവ.