മെക്സിക്കോസിറ്റി: ഭാര്യയെയും കാമുകിയെയും ഒട്ടും വിശ്വാസമില്ല. അവരെ സദാ നിരീക്ഷിക്കാൻ ഒളികാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രായപൂർത്തിയാകാത്ത മകളെപ്പോലും മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചു. എതിരാളികളെ അതിക്രൂരമായി കൊലപ്പെടുത്തി.. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് വിചാരണ നേരിടുന്ന മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജോവാക്വിൻ ഗുസ്മാൻ എന്ന എൽചാപ്പോയുടെ ചെയ്തികളിൽ പുറത്തുപറയാൻ പറ്റുന്ന ചിലതാണിതൊക്കെ. ഗുസ്മാന്റെ മൊബൈൽഫോൺ പരിശോധനയിലൂടെ ലഭിച്ച വിവരങ്ങൾ പ്രോസിക്യൂട്ടറാണ് പുറത്തുവിട്ടത്.
സൗന്ദര്യ റാണിയായ എമ്മാ കോറോനലിയായിരുന്നു ഗുസ്മാന്റെ ഭാര്യ. ഇവരിൽ തൃപ്തിപോരാഞ്ഞാണ് മറ്റാരു സൗന്ദര്യറാണിയായ അഗസ്റ്റിനാ കബാനിലാസിനെ കാമുകിയാക്കിയത്. എമ്മയും അഗസ്റ്റിനും തമ്മിൽ കണ്ടാൽ കീരിയും പാമ്പുമായിരുന്നു. സമ്പത്തിൽ മാത്രം കണ്ണുവച്ചാണ് അഗസ്റ്റിന ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുത്തത്. ആന മണ്ടൻ എന്നാണ് ഗുസ്മാനെ അഗസ്റ്റിന വിശേഷിപ്പിച്ചിരുന്നത്. ജീവനിൽ പേടിയുള്ളതിനാൽ വിശ്വസ്തരായ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് അഗസ്റ്റിന ഇതൊക്കെ പറഞ്ഞിരുന്നത്. പക്ഷേ, എല്ലാകാര്യവും ഗുസ്മാൻ അറിയുന്നുണ്ടായിരുന്നു. കാമുകിക്ക് സമ്മാനമായി നൽകിയ മൊബൈൽഫോണിൽ നിരീക്ഷണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തായിരുന്നു രഹസ്യങ്ങൾ ചോർത്തിയിരുന്നത്. ഇത്തരമൊരു ഫോൺ ഭാര്യയ്ക്കും നൽകിയിരുന്നു.
കാമുകിയും ഭാര്യയും ഒരിക്കലും കൈവിട്ടുപോകരുതെന്ന് ഗുസ്മാന് നിർബന്ധമുണ്ട്. ഇവർ കൈവിട്ടാൽ അത് തന്റെ അവസാനമാകും എന്നും അയാൾ ഭയന്നിരുന്നു. അതിനാണ് തറവേലകളൊക്കെ കാണിച്ചിരുന്നത്. ഗുസ്മാനെ പരമാവധി ഉൗറ്റാൻ അഗസ്റ്റിന ശ്രമിച്ചിരുന്നു. സൗന്ദര്യംകൂട്ടാനുള്ള ശസ്ത്രക്രിയക്കും ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കുമായി കോടികളാണ് അഗസ്റ്റിന കൈപ്പറ്റിയത്.
പേരുകേട്ടാൽ പൊലീസുകാർക്കു പോലും മുട്ടിടിച്ചിരുന്ന ഗുസ്മാനെ മെക്സിക്കോയിലെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള ജയിലികളിലാണ് പാർപ്പിച്ചിരുന്നത്. ഇവിടെനിന്ന് രണ്ടുവട്ടമാണ് പുഷ്പംപോലെ രക്ഷപ്പെട്ടത്. രണ്ടാം തവണ രക്ഷപ്പെട്ട ഇയാളെ മെക്സിക്കോയിലെ ഒരു റിസോർട്ടിൽ വച്ച് പൊലീസ് വളഞ്ഞെങ്കിലും സുന്ദരമായി രക്ഷപ്പെട്ടു. അഗസ്റ്റിനയും മറ്റുചിലരും പിടിയിലായി. പൊലീസിന് വിവരം നൽകിയത് അഗസ്റ്റിനയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ അമേരിക്കൻ പൊലീസാണ് ഗുസ്മാനെ പിടികൂടി മെക്സിക്കോയ്ക്ക് കൈമാറിയത്.