ലണ്ടൻ: ഫുടബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ ആരോപണവുമായി മറ്റൊരു യുവതികൂടി രംഗത്തെത്തി. ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദർ മത്സരാർത്ഥിയുമായ ജാസ്മിൻ ലെന്നാർഡാണ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ടെന്നു പറയുന്ന ജാസ്മിൻ താരം ഒരു മാനസിക രോഗി യാണെന്നും പറയുന്നുണ്ട്.
താരത്തിനെതിരേ നേരത്തെ പീഡനക്കേസ് നൽകിയ യുവതിക്ക് സഹായം വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും ജാസ്മിൻ പറയുന്നു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജാസ്മിൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 'അയാളൊരു മാനസികരോഗിയാണ്. ശരിക്കുള്ള സ്വഭാവം എന്താണെന്ന് പുറത്താർക്കും അറിയില്ല. അതിനെ കുറിച്ച് അല്പമെങ്കിലും അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും.
ക്രിസ്റ്റ്യാനോയുമായി 10 വർഷം മുമ്പായിരുന്നു ഡേറ്റിംഗ് ചെയ്തത്. ഇനിയും അയാൾ പറയുന്ന കള്ളം കേട്ടിരിക്കാൻ ആവില്ല. പീഡിപ്പിക്കപ്പെട്ട യുവതിയുടെ അഭിഭാഷകരെ ബന്ധപ്പെട്ട് കേസിൽ എനിക്കാവുന്ന സഹായങ്ങൾ ചെയ്യും- ജാസ്മിൻ പറയുന്നു. ആരോപിക്കുന്നത് തെളിയിക്കാൻ തന്റെ കൈയിൽ മെസേജുകളും റെക്കോഡിംഗുകളും ഉണ്ടെന്നും ജാസ്മിൻ പറയുന്നുണ്ട്.
എന്നാൽ ജാസ്മിന്റെ ആരോപണങ്ങൾ തള്ളി താരത്തിന്റെ അഭിഭാഷകർ രംഗത്തെത്തി. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും താരത്തെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ജാസ്മിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറയുന്നു.