ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ടോളുകളും നിറുത്തലാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി ജി.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു റോഡിനും പാലത്തിനും ടോൾ ആവശ്യമില്ല. ഈ സർക്കാർ 28 ഇടങ്ങളിൽ ടോളുകൾ നിറുത്തി. ഇനി 10 ടോളുകളാണുള്ളത്. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പണം വായ്പയെടുത്ത് നിർമ്മിച്ചിട്ട് തിരിച്ചടയ്ക്കാൻ ടോൾ വഴി തുക സംഭരിക്കുകയാണ്. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് നൽകാനുള്ള പണം സർക്കാർ നൽകി ടോൾ ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്നും സുധാകരൻ പറഞ്ഞു.
കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾക്ക് ടോളില്ല. അതിനെ ആലപ്പുഴ എം.പി കെ.സി.വേണുഗോപാൽ ലോക്‌സഭയിൽ അനുകൂലിച്ചത് നല്ല കാര്യം. 1500 കോടിയാണ് നിറുത്തലാക്കിയ ടോൾ വഴി സർക്കാരിന് കിട്ടേണ്ടിയിരുന്നത്. അതാണ് വേണ്ടെന്നുവച്ചത്. 100 കോടിക്ക് താഴെയുള്ള നിർമ്മാണത്തിന് ടോൾ വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതിന് മുകളിലുള്ളത് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. സംസ്ഥാന സർക്കാർ ടോൾ വേണ്ടെന്ന് വച്ചപ്പോൾ കേന്ദ്രം ചെലവഴിച്ച പണത്തിന് അവർ ടോൾ ഏർപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.