ന്യൂയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ആറാമത് ഗ്ലോബൽ കുടുംബ സംഗമം വിവിധ പരിപാടിളോടെ നെടുമ്പാശേരി സാജ് റിസോർട്ടിൽ സമാപിച്ചു. പ്രതിനിധി സമ്മേളനം, മാധ്യമ സെമിനാർ, പൊതു സമ്മേളനം, കലാപരിപാടികൾ തുടങ്ങിയവ ഗ്ലോബൽ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.
ജനുവരി 6 ഞായറാഴ്ച 2 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചു എത്തിച്ചേർന്ന പ്രതിനിധികൾ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. പി എം എഫ് ഏറ്റെടുത്തിരിക്കുന്ന ജനോപകാര പദ്ധതികൾ, ചാരിറ്റി പ്രവർത്തനം എന്നിവ കൂടുതൽ സജീവമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നത്തിലേക്കുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി.
ഉച്ച കഴിഞ്ഞു 3 മണിക്ക് ആരംഭിച്ച മാധ്യമ സെമിനാറിൽ ഗ്ലോബൽ മീഡിയാ കോഓർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഡോ.കെ.കെ.അനസ് അധ്യക്ഷത വഹിച്ചു. യുഎസ്എയിൽ നിന്നും എത്തിച്ചേർന്ന പിഎംഎഫ് എക്സിക്യൂട്ടീവ് അംഗം പി.പി ചെറിയാൻ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ടി.സി. മാത്യു ( ദീപിക ) പ്രവാസി സമൂഹവും നവകേരളം നിർമ്മിതിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ. ശ്രീകുമാർ ( റസിഡന്റ് എഡിറ്റർ, വീക്ഷണം ), വേണു പരമേശ്വർ ( ദൂരദർശൻ ), മീരാ സാഹിബ് ( ജീവൻ ടി വി ) എന്നിവർ പാനലിസ്റ്റുകളായിരുന്നു.