ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പ്പുണ്ണ് വരാത്തവർ ഉണ്ടാവില്ല. ചിലർക്ക് ഇടവിട്ട് വരികയും വേദനയോട് കൂടി ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും. ദഹനപ്രക്രിയയിലെ താളപ്പിഴകളാണ് ഒട്ടുമിക്ക അസുഖങ്ങളുടെയും കാരണം. ദഹനം ശരിയായി നടക്കാത്തതിനാൽ ഭക്ഷണം ശരീരത്തിലേക്ക് ആഗിരണം ചെയ്യാതാവുന്നു. ഈ അവസ്ഥയിൽ ദഹനേന്ദ്രിയ വ്യവസ്ഥകളിൽ അൾസർ കാണുകയും അതിന്റെ പ്രതിഫലമെന്ന രീതിയിൽ വായയിലും അൾസർ രൂപപ്പെടുകയും ചെയ്യുന്നു. ഇതാണ് വായ്പ്പുണ്ണിന് കാരണം.
കവിളിന്റെ ഉൾഭാഗത്തും മോണകളിലും നാക്കിലും തൊണ്ടയിലും വെളുത്തതോ ഇളംമഞ്ഞനിറത്തിലോ വ്രണങ്ങൾ ഉണ്ടാവുന്നതാണ് ലക്ഷണം. കടുത്തവേദനയും എരിവും പുളിയും തട്ടിയാൽ നീറ്റലും മൂലം രോഗി ബുദ്ധിമുട്ടിലാകും.
സ്ഥിരമായി വരുന്ന പുണ്ണുകൾ, പഴുപ്പോട് കൂടിയവ, മരുന്നു കഴിച്ചിട്ടും മാറാതെ ആഴ്ചകൾ നീണ്ടുനിൽക്കുന്നവ, രക്തസ്രാവത്തോടെ വേദന ഇല്ലാതെ ഉണ്ടാകുന്നവ എന്നിവ ഗൗരവമായി കാണേണ്ടതുണ്ട്. പുണ്ണുകൾ രൂപപ്പെടുന്ന സമയത്ത് കവിൾ തടങ്ങളിൽ കയല കാണുന്നുവെങ്കിലും എത്രയുംപെട്ടെന്ന് വിദഗ്ധ ചികിത്സ ആവശ്യമാണ്.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖമായതിനാൽ ചികിത്സ ആദ്യംതന്നെ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തുക എന്നതാണ്. എരിവും പുളിയും അടങ്ങിയ നാരുകുറഞ്ഞ ആഹാരങ്ങൾ ഉപേക്ഷിക്കുക. എളുപ്പം ദഹിക്കുന്ന ഇലക്കറികൾ, പച്ചക്കറികൾ, മോര് എന്നിവ ശീലമാക്കുക.
ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ