isro

ബംഗളുരു:ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യം - ഗഗൻയാൻ - യാഥാർത്ഥ്യമാക്കാൻ ബംഗളുരുവിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാൻ ഐ. എസ്. ആർ. ഒ തീരുമാനിച്ചു. ഐ. എസ്. ആർ ഒയുടെ ഭൂമിയിൽ സ്ഥാപിക്കുന്ന കേന്ദ്രം ഹ്യൂമൻ സ്‌പേസ്‌ ഫ്ലൈറ്റ് സെന്റർ എന്നായിരിക്കും അറിയപ്പെടുക. മലയാളിയായ ഡോ. എസ്. ഉണ്ണിക്കൃഷ്‌ണൻ നായർ ആയിരിക്കും സെന്ററിന്റെ ഡയറക്‌ടർ. ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ ഇന്നലെ ബംഗളുരുവിൽ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം പൂ‌ജപ്പുര സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ നായർ ഇപ്പോൾ വി. എസ്. എസ്. സിയിൽ അഡ്വാൻസ്‌ഡ് സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ പ്രോഗ്രാമിന്റെ ഡയറക്ടറാണ്. ഗഗൻയാൻ ദൗത്യത്തിന്റെ ഡയറക്ടറും മലയാളിയാണ് - ജി. എസ്. എൽ. വി മാർക്ക് ത്രീ റോക്കറ്റിന്റെ മിഷൻ ഡയറക്ടറായ ആർ. ഹട്ടൻ.2021 ഡിസംബറിന് മുൻപായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്നും ശിവൻ പറഞ്ഞു. പതിനായിരം കോടി രൂപയാണ് കേന്ദ്രം പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൂന്ന് യാത്രികരാവും ഉണ്ടാവുക.വനിതാ സാന്നിദ്ധ്യവുംഉണ്ടാവും. വനിതകൾ ഉൾപ്പെടെയുള്ള ഒരു ടീമിനെ തിരഞ്ഞെടുക്കും. ഇവർക്ക് ഇന്ത്യയിൽ പ്രാഥമിക പരിശീലനം നൽകും. വിദഗ്ദ്ധ പരിശീലനം റഷ്യയുടെ സഹായത്തോടെയായിരിക്കും. ബഹിരാകാശത്ത് 400 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യൻ സസഞ്ചാരികൾ മൂന്ന് ദിവസം മുതൽ ഒരാഴ്‌ച വരെ ഭൂമിയെ ഭ്രമണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മനുഷ്യ ദൗത്യത്തിന് മുൻപ് ആളില്ലാത്ത രണ്ട് ദൗത്യങ്ങൾ വിക്ഷേപിക്കുമെന്നും ശിവൻ പറഞ്ഞു.ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 വരുന്ന മാർച്ച് - ഏപ്രിലിൽ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്ന് നടന്നില്ലെങ്കിൽ പിന്നെ ജൂലായിലായിരിക്കും വിക്ഷേപണം. ചന്ദ്രനിൽ പര്യവേക്ഷണ വാഹനം - റോവർ - ഇറക്കുന്ന ദൗത്യം ഈ മാസം നിശ്ചയിച്ചിരുന്നതാണ്. കൂടുതൽ പരീക്ഷണങ്ങൾക്കായി മാറ്റി വച്ചതാണെന്നും ശിവൻ പറഞ്ഞു.