തിരുവനന്തപുരം: ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി എ.പദ്മകുമാർ രംഗത്തെത്തി. യുവതീ പ്രവേശന വിഷയത്തിൽ യഥാർത്ഥ വിശ്വാസികളുടെ വിചാര വികാരങ്ങൾ മാനിക്കണമെന്നാണ് തന്റെ നിലപാട്. ശബരിമലയിൽ വിശ്വാസത്തിന്റെ പേര് പറഞ്ഞ് ഇറങ്ങിയവരിൽ കപടവിശ്വാസികളുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനുമാകില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവതീ പ്രവേശനം സംബന്ധിച്ച വിധിയിൽ സാവകാശ ഹർജി നൽകാതിരുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ശബരിമല തന്ത്രിക്ക് അധികാരങ്ങൾ ഇല്ലെന്ന വാദത്തോട് തനിക്ക് യോജിപ്പില്ല. തന്ത്രിക്കും സർക്കാരിനും അവരുടേതായ അധികാരങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പദ്മകുമാർ രാജിക്കത്ത് നൽകിയെന്ന പ്രചാരണം നിഷേധിച്ച് ബോർഡംഗം കെ.പി ശങ്കര ദാസ് രംഗത്തെത്തി. പദ്മകുമാർ രാജിക്കത്ത് നൽകിയെന്നും പകരം ശങ്കരദാസിന് ചുമതല നൽകുമെന്നുമായിരുന്നു പുറത്തുവന്ന ചില വാർത്തകൾ. എന്നാൽ ഇക്കാര്യം ബോധപൂർവം പ്രചരിപ്പിക്കുന്നതാണെന്ന് കെ.പി.ശങ്കരദാസ് പറഞ്ഞു. അങ്ങനെയൊരു ആലോചനയേ നടന്നിട്ടില്ല. പദ്മകുമാർ ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നില്ല എന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. പന്തളത്ത് നടന്ന രണ്ട് യോഗങ്ങളിലും പദ്മകുമാർ പങ്കെടുത്തിരുന്നു. ഇന്ന് പേട്ട തുള്ളൽ നടക്കുന്നിടത്തും അദ്ദേഹം ഉണ്ടെന്ന് ശങ്കരദാസ് പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടുമായി തുടക്കത്തിലേ പദ്മകുമാർ വിയോജിപ്പിലായിരുന്നു എന്നതാണ് രാജി വാർത്തയ്ക്കടിസ്ഥാനമായി പറയുന്നത്. സർക്കാർ സമ്മർദ്ദത്തെ തുടർന്ന് നിലപാടുകളിൽ മലക്കം മറിഞ്ഞ പദ്മകുമാർ വീണ്ടും യുവതീ പ്രവേശനത്തിനെതിരായ സമീപനം സ്വീകരിച്ചതായും പാർട്ടിയിൽ നിന്ന് വിമർശനമുണ്ടായിരുന്നു. ഇപ്പോൾ സി.പി.എം നേതൃത്വം പദ്മകുമാറിനോട് അതൃപ്തി പ്രകടിപ്പിച്ചതായാണ് അഭ്യൂഹം പ്രചരിക്കുന്നത്. നേരത്തെ രാജിസന്നദ്ധത പ്രകടിപ്പിച്ച പദ്മകുമാറിനോട് തുടരാനായിരുന്നു സിപി.എം നേതൃത്വം ആവശ്യപ്പെട്ടതെങ്കിൽ ഇപ്പോൾ രാജി കത്ത് നൽകിയെന്നാണ് പ്രചരിക്കുന്നത്.