modi-

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ നടപ്പാക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹി രാംലീല മൈതാനത്ത് ബി.ജെ.പിയുടെ ദേശീയ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. സാമ്പത്തിക സംവരണ ബിൽ നടപ്പാക്കാനുള്ള തീരുമാനം ചരിത്രപരമായ നീക്കമാണ്.വർഷങ്ങളായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്നു സംവരണ ബിൽ. മോദി സർക്കാർ അത് യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങൾക്കും ബി.ജെ.പിക്കും ഏറെ പ്രധാനപ്പെട്ടതാണ്. വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. 2014ലെ വിജയം 2019ലും ആവർത്തിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് രണ്ടു വ്യത്യസ്ത ആശയധാരകൾ തമ്മിലാണ്. മോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിലാണു മത്സരം. സാസ്‌കാരികതയ്ക്കും ദേശീയതയ്ക്കും പാവപ്പെട്ടവർക്കും വേണ്ടി ബി.ജെ.പിയും അധികാരത്തിന് വേണ്ടി മാത്രം എതിരാളികളും എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അന്യോന്യം നേരിടാൻ കഴിയാത്തതിനാൽ ആളുകൾ ഇപ്പോൾ ഒന്നിച്ചുവരികയാണ്. ഒറ്റയ്ക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻസാധിക്കില്ലെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു. .

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്കൊണ്ടാണ് രണ്ടു ദിവസങ്ങളിലായി ബി.ജെ.പി ദേശീയ കൗൺസിൽ നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, എൽ.കെ.അദ്വാനി എന്നിവർ പങ്കെടുത്തു.