iip

 നവംബറിൽ വളർച്ച 19 മാസത്തെ താഴ്‌ചയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിസിനസ് ലോകത്തിനും വൻ നിരാശ നൽകി നവംബറിൽ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) 19 മാസത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. 0.5 ശതമാനമാണ് നവംബറിലെ വളർച്ച. 2017 ജൂണിൽ 0.3 ശതമാനം ഇടിഞ്ഞ ശേഷം കുറിച്ച ഏറ്രവും വലിയ വീഴ്‌ചയാണിത്. 2017 നവംബറിൽ വളർച്ച 8.5 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്‌റ്രാറ്രിസ്‌റ്രിക്‌സ് ഓഫീസ് (സി.എസ്.ഒ) വ്യക്തമാക്കി.

കഴിഞ്ഞ ഒക്‌ടോബറിലെ വളർച്ച 8.1 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്. മാനുഫാക്‌ചറിംഗ് മേഖലയുടെ മോശം പ്രകടനമാണ് നവംബറിൽ വലിയ തിരിച്ചടിയായത്. 2017 നവംബറിൽ 10.4 ശതമാനം വളർച്ച മാനുഫാക്‌ചറിംഗ് മേഖല കഴിഞ്ഞ നവംബറിൽ കുറിച്ച വളർച്ച വെറും 0.4 ശതമാനം. വ്യാവസായിക ഉത്‌പാദന സൂചികയിൽ 77.63 ശതമാനം പങ്കുവഹിക്കുന്നത് മാനുഫാക്‌ചറിംഗ് മേഖലയാണ്. കാപ്പിറ്റൽ ഗുഡ്‌സ് ഉത്‌പാദനം 3.7 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്കും കൺസ്യൂമർ ഡ്യൂറബിൾസ് ഉത്‌പാദനം 3.1 ശതമാനത്തിൽ നിന്ന് 0.9 ശതമാനത്തിലേക്കും കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് ഉത്‌പാദനം 23.7 ശതമാനത്തിൽ നിന്ന് 0.6 ശതമാനത്തിലേക്കും കൂപ്പുകുത്തി.

അതേസമയം, ഖനനമേഖല 1.4 ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്കും വൈദ്യുതി രംഗം 3.9 ശതമാനത്തിൽ നിന്ന് 5.1 ശതമാനത്തിലേക്കും ഉത്‌പാദനം മെച്ചപ്പെടുത്തിയെങ്കിലും സൂചികയുടെ കനത്ത വീഴ്‌ച തടയാനായില്ല. മാനുഫാക്‌ചറിംഗ് മേഖലയിലെ 23 വിഭാഗങ്ങളിൽ പത്തെണ്ണമാണ് നവംബറിൽ ഉത്‌പാദന വളർച്ച മെച്ചപ്പെടുത്തിയത്. അതേസമയം, നടപ്പുവർഷം ഏപ്രിൽ-നവംബറിൽ വ്യാവസായിക ഉത്‌പാദന വളർച്ച അഞ്ച് ശതമാനമായി ഉയർന്നു. 2017ലെ സമാന കാലയളവിൽ വളർച്ച 3.2 ശതമാനമായിരുന്നു.