സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പുറത്ത്. കരൺജോഹറിന്റെ ചാറ്റ് ഷോയിൽ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയതിന്റെ പേരിലാണ് ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ. ഇവർക്കെതിരെ ബി.സി.സി.ഐ അന്വേ,ണം നടക്കുകയാണ് . അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷനെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അറിയിച്ചു.
ഭരണ സമിതി അംഗം ഡയാന എഡുൽജി സസ്പെൻഷൻ അംഗീകരിച്ചതോടെയാണ് ബി.സി.സി.ഐ അച്ചടക്ക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.എൽ.രാഹുലിനെ ആദ്യ ഏകദിനത്തിനുള്ള ടീം സെലക്ഷനിൽ പരിഗണിക്കില്ലെന്നും പാണ്ഡ്യ ടീമിലുണ്ടാകില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ഇരുവരോടും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണത്തിൽ ഇടക്കാല ഭരണസമിതി തൃപ്തരായിരുന്നില്ല. തുടർന്ന് ഇരുവരേയും രണ്ട് ഏകദിനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങൾ ടി.വി ഷോയിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് നിബന്ധനയുണ്ട്.