തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത പൊലീസ് രണ്ടുദിവസത്തെ പണിമുടക്കിൽ അക്രമണം നടത്തിയവർക്ക് നേരെ കണ്ണടയ്ക്കുന്നു എന്ന് ആരോപണം. ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലാ അടിസ്ഥാനത്തിൽ ബി.ജെ.പി പ്രവർത്തകരുടെ കണക്കുകൾ പുറത്ത് വിട്ട പൊലീസ് പൊതുപണിമുടക്കിൽ അക്രമം നടത്തിയവവരുടെ കണക്കുകൾ ശേഖരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നു.
ഹർത്താലിൽ പൊലീസ് പുറത്ത് വിട്ട കണക്ക് പ്രകാരം 2,187 കേസുകളിലായി 6,914 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല അക്രമം നടത്തിയവരുടെ കണക്കുകളും ഫോട്ടോ ആൽബങ്ങളും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് ഡി.ജി.പിയുടെ ഒാഫീസ് വ്യക്തമാക്കി.
ജനുവരി 7,8 തിയ്യതികളിൽ നടത്തിയ പണിമുടക്കിൽ സി.പി.എം. നേതാക്കളടക്കം നിരവധി പേരാണ് പ്രതികളായിട്ടുള്ളത്. പണിമുടക്കിൽ അക്രമം നടത്തുന്നവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി നിർദേശം നൽകിയിരുന്നു. എന്നാൽ സി.എെ.ടി.യു അടക്കമുള്ള സംഘടനകൾ സമരരംഗത്തുള്ളതിനാൽ നിർദേശം നടപ്പിലായില്ല. ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് കഠിന ശിക്ഷ നൽകുന്ന വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിന് ഗവർണർ ഒപ്പുവച്ച ദിവസം തന്നെയാണ് സംസ്ഥാനത്ത് പണിമുടക്കിന്റെ പേരിലുള്ള ആക്രമണങ്ങൾ അരങ്ങേറിയതെന്നും ശ്രദ്ധേയമാണ്.