ദുബായ്:രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി തിങ്ങിക്കൂടിയ ആരാധകരുടെയും ഇന്ത്യൻ തൊഴിലാളികളുടെയും മനം കവർന്നു.
ഇന്നലെ രാവിലെ ജബൽ അലിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിയ രാഹുൽ അവർക്കൊപ്പം കുറേനേരം ചെലവിട്ടു.
രാഷ്ട്രീയം അധികം പറയാതിരിക്കാൻ രാഹുൽ ശ്രദ്ധിച്ചെങ്കിലും ഇടയ്‌ക്ക് രാഷ്ട്രീയം പറഞ്ഞത് ലേബർ ക്യാമ്പിൽ തിങ്ങി കൂടിയ ആയിരങ്ങളിൽ ആവേശമുണർത്തി.ഞാൻ മൻ കി ബാത്തിന് വന്നതല്ല. നിങ്ങളെ നേരിട്ട് കാണാൻ വന്നതാണെന്ന രാഹുലിന്റെ വാക്കുകൾ ക്യാമ്പിൽ ചിരി പടർത്തി.
യു.എ.ഇ യുടെ വളർച്ചയിലും വികസനത്തിലും ഇന്ത്യക്കാരായ സാധാരണ തൊഴിലാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും ഇവിടുത്തെ ഭരണാധികാരികൾ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും രാഹുൽ പറഞ്ഞു.
ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരികോത്സവത്തിൽ രാഹുൽ മുഖ്യാതിഥിയായിരുന്നു. പതിനായിരക്കണക്കിനാളുകൾ രാഹുൽഗാന്ധിയുടെ ചിത്രങ്ങളേന്തിയ പ്ളക്കാർഡുകളുമായി പങ്കെടുത്തു. പ്രവാസി ഇന്ത്യൻ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ചെയർമാൻ സാം പിട്രോഡ അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും പങ്കെടുത്തു.
ഇന്ന് രാഹുൽ അബുദാബി ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായി ചർച്ച നടത്തും. കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി യു.എ.ഇയിൽ എത്തുന്നത്. സന്ദർശനം വിജയകരമാക്കാൻ കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗും സജീവമാണ്.
രാഹുലിനെ കാണാൻ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി എത്തിയിരുന്നു. രാഹുലിന് പൂച്ചെണ്ട് നൽകാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും വൻ തിരക്കായിരുന്നു.