സിഡ്നി: ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതാരകനായ പ്രമുഖ ചാനലിലെ ചാറ്ര് ഷോയിൽ വായിൽ തോന്നിയത് ഒരു മറയുമില്ലാതെ വിളിച്ച് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യൻ യുവക്രിക്കറ്റർമാരായ ഹാർദ്ദിക് പാണ്ഡ്യയും കെ.എൽ. രാഹുലും. ചാറ്റ് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ സസ്പ്പെൻഡ് ചെയ്തതോടെ ദേശീയ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങൾക്കേറ്ര ശക്തമായ തിരിച്ചടിയായി അത്. പാണ്ഡ്യ പരിക്കിനെ തുടർന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. രഞ്ജിയിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്ര് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങളിൽ പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന ഇലവനിൽ അവസരം നൽകിയിരുന്നില്ല. ഏകദിനത്തിൽ പാണ്ഡ്യയുടെ ആൾ റൗണ്ടർ മികവ് ഏറെ ഗുണം ചെയ്യുമെന്നതിനാൽ ടീമിൽ ഉറപ്പായിട്ടും സ്ഥാനം കിട്ടിയേനെ. എന്നാൽ നാവ് പിഴച്ചതോടെ ടീമിലേക്കുള്ള വഴി ബി.സി.സി.ഐ അടയ്ക്കുകയായിരുന്നു.
മറുവശത്ത് രാഹുലും സമാന പ്രതിസന്ധിയിലാണ്. ടെസ്റ്റ് പരമ്പരയിൽ മോശം ഫോമിനെ തുടർന്ന് ഏറെ പഴികേൾക്കേണ്ടി വന്ന രാഹുലിനെ ഏകദിനത്തിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്രി ഒരവസരം കൂടി രാഹുലിന് നൽകാൻ തീരുമാനിച്ച് ഏവരെയും അമ്പരപ്പിച്ച് ഏകദിന ടീമിൽ താരത്തെ ഉൾപ്പെടുത്തുകയായിരുന്നു. പക്ഷേ പക്വതയില്ലാത്ത സംസാരം രാഹുലിനും പാരയാവുകയായിരുന്നു.
തിരിച്ചു പോരണം
ഹാർദ്ദിക്കിനോടും രാഹുലിനോടും ആദ്യം കിട്ടുന്ന വിമാനത്തിന് തന്നെ ടിക്കറ്രെടുത്ത് ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ മത്സരങ്ങളും ഇരുവർക്കും നഷ്ടമായേക്കുമെന്നാണ് വിവരം. വിദേശ പര്യടനത്തിനിടെ താരങ്ങളെ തിരിച്ച് വിളിക്കുന്നത് പോലുള്ള സംഭവങ്ങൾ ഇന്ത്യൻ ക്രിക്കറ്രിൽ സമീപകാലത്തുണ്ടായിട്ടില്ല.
വൻ വിമർശനം
ചാറ്ര് ഷോയിൽ ഇരുവരും നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്. രാജ്യത്തെ യുവാക്കൾക്ക് മുഴുവൻ മാതൃകയാകേണ്ട രണ്ട് പേർ ഇത്രയും പക്വതയില്ലാതെ പെരുമാറിയത് യാതൊരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന രീതിയിലായിരുന്നു പ്രതികരണമുയർന്നത്. മാച്ച് ഫിക്സിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെടുത്തി പലരും ഈ സംഭവത്തക്കാണുന്നുണ്ട്. വാതുവയ്പിനായി ഹണിട്രാപ്പ് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ പ്രയോഗിക്കുന്ന മാഫിയയുടെ ശ്രദ്ധ ഈ താരങ്ങളുടെ മേൽ പതിയുന്നതിന് അവർ തന്നെ വഴിവെട്ടിക്കൊടുത്തുവെന്നും വാദങ്ങൾ ഉയരുന്നുണ്ട്.
ക്യാപ്ടനും കൈവിട്ടു
ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയും പാണ്ഡ്യയേയും രാഹുലിനെയും ശക്തമായി വിമർശിച്ചു.
ഇരുവരുടേയും വാക്കുകളോട് യോജിക്കാനാകില്ലെന്നും ഇത്തരം വ്യക്തിപരമായ അഭിപ്രായങ്ങൾ ടീമിന്റെ അഭിപ്രായമായി കണക്കാക്കരുതെന്നും കൊഹ്ലി വ്യക്തമാക്കിയിരുന്നു. പറഞ്ഞ കാര്യങ്ങളുടെ ഗൗരവം ഇരുവർക്കും ബോധ്യമായിട്ടുണ്ടെന്നും ഇനി ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും നായകൻ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖം കൊടുക്കാതെ
പാണ്ഡ്യ
വിവാദങ്ങൾക്കിടയിലും ഒന്നാം ഏകദിനത്തിന് മുന്നോടിയായി സിഡ്നിയിൽ പരിശീലനത്തിന് വന്ന ഹാർദ്ദിക് പാണ്ഡ്യ പരിശീലനത്തിന് ശേഷം ഓട്ടോ ഗ്രാഫിനായി കാത്തുനിന്ന ആരാധകരെ ഒന്നു നോക്കുകപോലും ചെയ്യാതെ താഴോട്ട് നോക്കി നടന്നുപോയി. സാധാരണ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതും അവർക്ക് ഓട്ടോഗ്രാഫ് നൽകുന്നതും ഏറെ ആസ്വദിക്കുന്ന താരമാണ് പാണ്ഡ്യ. എന്നാൽ ഇന്നലത്തെ അദ്ദേഹത്തിന്റെ ഭാവമാറ്രം കാര്യങ്ങൾ ഏറെ ഗൗരവമേറിയതാണെന്ന സൂചനയാണ് നൽകുന്നത്. രാഹുലും ആർക്കും മുഖം കൊടുക്കാനൊ സംസാരിക്കാനൊ തയ്യാറായില്ല.
പകരക്കാർ
റിഷഭ് പന്ത്, മനീഷ് പാണ്ഡേ എന്നിവർക്കാണ് ഹാർദ്ദിക്കിനും രാഹുലിനും പകരം ടീമിൽ ഇടം കിട്ടാൻ സാധ്യത കൂടുതൽ.