1. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ സര്‍വീസില്‍ നിന്ന് രാജിവച്ച് അലോക് വര്‍മ്മ. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മ്മയക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയെങ്കിലും സ്വയം വിരമിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു
2. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് കത്തില്‍ അലോക് വര്‍മ്മ. സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെട്ടു. തന്നെ പുറത്താക്കണം എന്ന് കണക്കൂകൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നും അലോക് വര്‍മ്മ
3. എന്നാല്‍ രാജിയോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയേയ്ക്കും. അതിനിടെ, തനിക്ക് എതിരായ കേസുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അസ്താനയ്ക്ക് എതിരായ കേസുകള്‍ തുടരാം എന്ന് ഹൈക്കോടതി. ആറ് കൈക്കൂലി കേസുകളിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്
4. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് അമിത് ഷാ. ആയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്നാണ് ബി.ജെ.പി നിലപാട്. പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്ന് ക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും. ക്ഷേത്ര നിര്‍മ്മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസ് എന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കുന്നത് കോടതി വിധിക്കു ശേഷം മതിയെന്ന പ്രധാനമന്ത്രിയുടെ നിലപാട് നേരത്തെ ആര്‍.എസ്.എസ് തള്ളിയിരുന്നു
5. അതേസമയം, കേരളത്തിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കും എന്ന് അമിത് ഷാ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍ ആണ്. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. പാവപ്പെട്ടവന്‍ എന്നോ പണക്കാരന്‍ എന്നോ വ്യത്യാസമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. 2014 നേക്കാള്‍ ഭൂരിപക്ഷത്തില്‍ 2019-ല്‍ ബി.ജെ.പി വിജയിക്കുമെന്നും അമിത് ഷാ
6. മാദ്ധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദന്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേര്‍ കുറ്റക്കാരെന്ന് കോടതി. പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതിയുടേത് ആണ് വിധി. ഈ മാസം 17ന് ശിക്ഷ പ്രസ്താവിക്കും എന്ന് കോടതി. 2002 നവംബര്‍ രണ്ടിന് ആണ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഛത്രപതിക്ക് നേരെ ഗുര്‍മീത് വെടി ഉതിര്‍ത്തത്
7. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെ ആണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തി ഇരുന്നു. ഇതിന് പ്രതികാരം ആയാണ് ഗുര്‍മീത് ഛത്രപതിക്ക് നേരെ വെടി ഉതിര്‍ത്തത്. സാരമായ പരിക്കുകളോടെ മാദ്ധ്യമ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും 2003-ല്‍ മരണത്തിന് കീഴടങ്ങുക ആയിരുന്നു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ പീഡിപ്പിച്ച സംഭവത്തില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലില്‍ ആണ്
8. എസ.്പി- ബി.എസ.്പി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ച് മായാവതിയും അഖിലേഷ് യാദവും. നാളെ ഉച്ചയ്ക്ക് ലക്നൗവില്‍ ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായേക്കും. കഴിഞ്ഞ ആഴ്ച ഇരു നേതാക്കളും രാജ്യ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
9. ഇരു പാര്‍ട്ടികള്‍ക്കും ഒപ്പം പ്രാദേശിക പാര്‍ട്ടികളായ രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരും പങ്കാളികള്‍ ആയേക്കും. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി അപ്നാ ദള്‍ സഖ്യത്തോട് എസ്.പി -ബി.എസ്.പി -കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടിരുന്നു. 80 ലോക്സഭാ സീറ്റുകളില്‍ 73 സീറ്റുകളിലും ബി.ജെ.പി -അപ്നാ ദള്‍ സഖ്യമാണ് വിജയം നേടിയത്
10. പത്ത് വര്‍ഷത്തില്‍ അധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ച് വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഫുള്‍ബെഞ്ച്. 2011-ല്‍ പുറത്തുവിട്ടവരുടെ ലിസ്റ്റ് ഗവര്‍ണറും സര്‍ക്കാരും ആറുമാസത്തിന് അകം പുനപരിശോധിക്കണം. ഗാന്ധിജിയുടെ 150-ാമത് ജന്മ വാര്‍ഷികത്തോട് അനുബന്ധിത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാന പ്രകാരം ആണ് സംസ്ഥാന ജയില്‍ വകുപ്പ് 209 തടവുകാരെ വിട്ടയച്ചത്
11. ഹൈക്കോടതിയുടെ സുപ്രധാന വിധി, കൊലപാതക കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ച്. ഇളവ് ലഭിച്ചവരില്‍ പലരും 10 വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി ഇരുന്നു. ഇതോടെ ആണ് ഉത്തരവ് പുന പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്
12. പുന പരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ചവരുടെ നിലവിലെ ജീവിത രീതി, സ്വഭാവം എന്നിവ കണക്കിലെടുത്ത് ആവശ്യം എങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്. ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെ ആണ് സര്‍ക്കാര്‍ തീരുമാന പ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്