അടൂർ: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി നടത്തിയ ഹർത്താലിൽ അക്രമം നടത്തിയെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. റാന്നി പെരുനാട് പഞ്ചായത്ത് സീനിയർ ക്ലാർക്ക് വിഷ്‌ണു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്‌ത് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഹർത്താൽ ദിവസം സംഘം ചേർന്ന് അടൂരിലെ വീടുകൾ തകർത്തുവെന്നാണ് വിഷ്‌ണു പ്രസാദിനെതിരെ ആരോപിക്കുന്ന കുറ്റം.
ഹർത്താൽ ദിവസം രാത്രി അടൂരിലെ മുപ്പതോളം വീടുകൾക്ക് നേരെ ആക്രമണം നടന്നു. മഴു ഉപയോഗിച്ച് ഈ വീടുകളുടെ വാതിലുകൾ ഒരു സംഘം തകർക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരുടെ വീടുകൾ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന് പിന്നിൽ വിഷ്‌ണു പ്രസാദ് ഉൾപ്പെട്ട സംഘമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.