infosys

 ₹8,260 കോടിയുടെ ഓഹരികൾ തിരികെ വാങ്ങാൻ തീരുമാനം

ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസ് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) 29.6 ശതമാനം ഇടിവോടെ 3,609 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2017ലെ സമാനപാദത്തിൽ കമ്പനി 5,129 കോടി രൂപയുടെ ലാഭം നേടിയിരുന്നു. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് ലാഭത്തിലുണ്ടായ ഇടിവ് 12.18 ശതമാനമാണ്.

ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് നാലുരൂപ വീതം ലാഭവിഹിതവും ഇൻഫോസിസ് പ്രഖ്യാപിച്ചു. ഈ മാസം 25ന് റെക്കാഡ് ചെയ്‌ത് 28ന് ലാഭവിഹിതം കൈമാറും. ഓഹരിയൊന്നിന് പരമാവധി 800 രൂപവച്ച്, മൊത്തം 8,260 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാനും (ബൈബാക്ക്) ഇൻഫോസിസ് തീരുമാനിച്ചു. 10.32 കോടി ഓഹരികളാണ് തിരികെ വാങ്ങുക. കമ്പനിയുടെ മൊത്തം ഓഹരിയുടെ 2.36 ശതമാനമാണിത്.

കഴിഞ്ഞപാദത്തിൽ വരുമാനം 3.8 ശതമാനം ഉയർന്ന് 21,400 കോടി രൂപയിലെത്തി. നടപ്പുവർഷം ജൂലായ്-സെപ്‌തംബറിൽ വരുമാനം 20,609 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ വരുമാനത്തിലെ വർദ്ധന 20.3 ശതമാനമാണ്.