പന്തളം : തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മാറ്റം വരുത്തില്ലെന്ന് പന്തളം കൊട്ടാരം. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുള്ളവരെ ഒഴിവാക്കാനുള്ള നിർദ്ദേശം പൊലീസിൽ നിന്ന് കിട്ടിയിട്ടില്ലെന്നും കൊട്ടാരം പ്രതിനിധി അറിയിച്ചു.
തിരുവാഭരണ പേടകവും പല്ലക്കും ചുമക്കുന്നവരെ പന്തളം കൊട്ടാരമാണ് നിശ്ചയിക്കുക. ഇവരുടെ പട്ടികയും പൊലീസിന് നൽകണം. പൊലീസിന്റെ കത്ത് സംബന്ധിച്ച് ദേവസ്വം ബോർഡും കൊട്ടാരവും ചർച്ച നടത്തിയിരുന്നു. തിരുവാഭരണ പേടകം വഹിക്കുന്ന 22 അംഗ സംഘവും അനുഗമിക്കുന്നവരും ഉൾപ്പെടെ നൂറിൽ താഴെ ആൾക്കാരെയാണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. ഇവരിൽ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരും കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഉള്ളതിനാൽ പൊലീസ് നിർദേശം പ്രായോഗികമല്ലെന്ന് പന്തളം കൊട്ടാരം നേരത്തെ അറിയിച്ചിരുന്നു.
നാമജപത്തിൽ പങ്കെടുത്തതിന് കേസുകൾ നേരിടുന്ന കാര്യം കൊട്ടാരത്തിന് പരിഗണിക്കേണ്ടതില്ല. അതിന്റെ പേരിൽ തിരുവാഭരണത്തെ അനുഗമിക്കുന്നത് ഒഴിവാക്കില്ല. തിരുവാഭരണത്തെ അനുഗമിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. തിരുവാഭരണത്തെ അനുഗമിക്കുന്ന 40 പേരുടെ പട്ടിക പൊലീസിന് കൈമാറിയെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി