കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ഡോ. ശശി തരൂർ എം.പി. നരേന്ദ്രമോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച് ചിന്തിക്കേണ്ട കാര്യം ഇപ്പോഴില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്നും തരൂർ പറഞ്ഞു.
മോദിക്ക് അവസരം കൊടുത്തു. മോദിയെ നമുക്ക് പരീക്ഷിച്ചു നോക്കാം എന്ന ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം അതിന് അർഹനല്ല എന്നുതെളിഞ്ഞു. മോദി നല്ലൊരു പ്രാസംഗികനാണ്. പക്ഷെ ഗൗരവമുള്ള വിഷയങ്ങൾ വരുമ്പോൾ അദ്ദേഹം നിശബ്ദനാകും. ഗോ സംരക്ഷണത്തിന്റെ പേരിലെ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി ശശി തരൂർ പറഞ്ഞു.
മോദി വിദേശ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ അതിനെന്തെങ്കിലും പ്രയോജനം ഉണ്ടാകണം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി വരുമെന്നു പറഞ്ഞ ട്രംപ് വന്നില്ല. പാകിസ്താനെക്കുറിച്ച് നയമില്ല. ചൈനയുമായുള്ള ബന്ധം നന്നല്ല. എന്നിട്ടും അദ്ദേഹം നവാസ് ഷെരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് പോകുന്നു. ഇതല്ല വിദേശ നയം, ഇതാവരുത് നമ്മുടെ വിദേശ നയമെന്നും അദ്ദേഹം വ്യക്തമാക്കി.