ന്യൂഡൽഹി: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവർച്ചയ്ക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തൽ. വി.കെ ശശികല ടി.ടി.വി ദിനകരൻ എന്നിവരുടെ കുറ്റസമ്മതം നടത്തിയ വീഡിയോ ടേപ്പുകൾക്ക് വേണ്ടിയാണ് കവർച്ചയെന്നും മാദ്ധ്യമപ്രവർത്തകനായ മാത്യു സാമുവൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നിരവധി കേസുകളിൽപെട്ട ശശികലയും ദിനകരനും ജയലളിതയ്ക്ക് മുന്നിൽ കുറ്റസമ്മതം നടത്തുന്നതിന്റ വീഡിയോകൾ ചിത്രീകരിച്ചിരുന്നു. ഇത് ഉപയോഗിച്ച് ജയലളിത ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടേപ്പുകൾ കെെക്കലാക്കാനാണ് പളനിസാമി കവർച്ച നടത്തിയത്. ജയലളിത ചെയ്ത പോലെ ഇവരെ ഭീഷണിപ്പെടുത്താനായിരുന്നു തീരുമാനമെന്നും മാത്യു സാമുവൽ പറഞ്ഞു.
മലയാളി സംഘത്തെയാണ് കവർച്ചയ്ക്ക് വേണ്ടി നിയോഗിച്ചത്. കവർച്ചയിൽ പങ്കെടുത്തു എന്ന് അവകാശപ്പെടുന്നവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അഞ്ച് കോടി രൂപയാണ് പ്രതിഫലമായി കവർച്ച നടത്താൻ നൽകിയതെന്നും സംഘത്തിലുണ്ടായിരുന്ന സയൻ പറഞ്ഞു. വരും ദിസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് മാത്യു സാമുവൽ വ്യക്തമാക്കി.