തിരുവനന്തപുരം: പൂക്കാലം വന്നു, പൂക്കാലം വന്നു - തലസ്ഥാന നഗരത്തിൽ വിവിധയിനം മനോഹരങ്ങളായ പൂക്കളുടെ ദൃശ്യവിസ്മയക്കാഴ്ച സമ്മാനിച്ച് കനകക്കുന്നിൽ വീണ്ടുമൊരിക്കൽ കൂടി വസന്തോത്സവം വിരുന്നെത്തി. ഇന്നലെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവം ഉദ്ഘാടനം ചെയ്തു. 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള നടക്കുന്നത്.
ഓർക്കിഡ്, ബോൺസായി, ആന്തൂറിയം ഇനങ്ങളുടെ പവലിയൻ, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ച, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദർശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബട്ടർഫ്ളൈ പാർക്ക്, കാർഷിക പ്രദർശനമേള, ഗോത്രജനതയുടെ പാരമ്പര്യവൈദ്യം, കരകൗശല ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാണ്.
ശ്രദ്ധിക്കാനുള്ള സ്റ്റാളുകൾ
വി.എസ്.എസ്.സി, മ്യൂസിയം, മൃഗശാല, സെക്രട്ടേറിയറ്റ്, വനഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കാർഷിക സർവകലാശാല, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല ബോട്ടണി വിഭാഗം, കിർത്താഡ്സ്, അഗ്രി- ഹോർട്ടി സൊസൈറ്റി തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്സറികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിവിധതരം ജ്യൂസുകൾ, മധുരപലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, തെന്നിന്ത്യൻ വിഭവങ്ങൾ, മലബാർ -കുട്ടനാടൻ വിഭവങ്ങൾ, കെ.ടി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡ്ഡലി മേള എന്നിവയും സൂര്യകാന്തിയിലെ ഭക്ഷ്യമേളയിലുണ്ട്.
പ്രവേശനം പാസ് വഴി
രാവിലെ 10 മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേളയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 12 വയസ് വരെ ഒരാൾക്ക് 20 രൂപയും, 12 വയസിന് മുകളിലുള്ളവർക്ക് ആളൊന്നിന് 50 രൂപയുമാണ് നിരക്ക്. 50 പേരടങ്ങുന്ന സ്കൂൾ കുട്ടികളുടെ സംഘത്തിന് 500 രൂപ നൽകിയാൽ മതി. സംസ്ഥാന സഹകരണ ബാങ്കിന്റെ നഗരത്തിലെ ഒമ്പത് ശാഖകൾ വഴി ടിക്കറ്റ് ലഭിക്കും.
കനകക്കുന്നിലെ പ്രധാന കവാടത്തിന് സമീപത്ത് ബാങ്കിന്റെ പത്തോളം ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭ്യമാണ്. സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. കനകക്കുന്നിലും സൂര്യകാന്തിയിലും നിരീക്ഷണ കാമറകളുണ്ട്. കനകക്കുന്നിൽ ഇൻഫർമേഷൻ - പബ്ളിക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെന്ററും പ്രവർത്തിക്കുന്നുണ്ട്. വസന്തോത്സവത്തിന്റെ തുടിപ്പുകൾ അപ്പപ്പോൾ ജനങ്ങളിലെത്തിക്കാൻ വസന്തോത്സവം പുഷ്പമേള 2019 എന്ന ഫേസ്ബുക്ക് പേജും പി.ആർ.ഡി ഒരുക്കിയിട്ടുണ്ട്.
വെബ്സൈറ്റ്: www.vasantholsavamkerala.org