തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കാനാണ് മുൻഗണനയെന്ന് പുതിയ സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് സ്വൈരജീവിതം ഉറപ്പാക്കും. സമാധാന ജീവിതത്തിന് ഭംഗമുണ്ടാക്കുന്ന ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യും. സ്കൂളുകളിലും കോളേജുകളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലുമടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വർദ്ധിക്കുകയാണ്. സ്റ്റുഡന്റ് പൊലീസ്, ഇന്റലിജൻസ് വിഭാഗങ്ങളുടെ സഹായത്തോടെ ഇത് കർശനമായി തടയും. വിദ്യാലയങ്ങളിൽ നാർക്കോ ക്ലബുകളുടെ സഹകരണത്തോടെ ബോധവത്കരണം നടത്തും. പൊലീസ് സ്റ്റേഷനുകളിലും സമൂഹത്തിലും പൊതുജനങ്ങളോട് പൊലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം. പൊലീസും ജനങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുകയും അതുവഴി കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ശ്രമിക്കും.
പേരൂർക്കട അമ്പലമുക്കിലാണ് പുതിയ കമ്മിഷണറുടെ താമസം. ഔദ്യോഗിക പദവിയിൽ തലസ്ഥാനത്ത് ആദ്യമാണ്. ബിന്ദുലേഖയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മൂപുര മകളാണ്
ടോപ്പ് 5
തലസ്ഥാനത്ത് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ
കമ്മിഷണർ വിശദീകരിക്കുന്നു
1) സമാധാന നഗരം
തലസ്ഥാനത്തെ ക്രിമിനലുകളെയും ഗുണ്ടകളെയും അമർച്ച ചെയ്യും. ഇതിനായി ഗുണ്ടാ ആക്ട് കർശനമായി നടപ്പാക്കും. സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് എന്നിവയുടെ പ്രവർത്തനം ശക്തമാക്കും.
2) അപകടം കുറയ്ക്കും
തലസ്ഥാനത്ത് പെരുകുന്ന റോഡപകടങ്ങൾ നിയന്ത്രിക്കും. അമിതവേഗം, അശ്രദ്ധ, മദ്യപിച്ച് വാഹനം ഓടിക്കൽ, ഗതാഗത നിയമലംഘനം എന്നിവ തടയും. രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും.
3) സ്ത്രീസുരക്ഷ
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടുകയാണ്. ഇതിന് തടയിടാൻ എല്ലാ നടപടികളുമെടുക്കും.
4)ടൂറിസം
ടൂറിസം കേന്ദ്രങ്ങൾക്കും ബീച്ചുകൾക്കും കർശന സുരക്ഷ ഏർപ്പെടുത്തും. എല്ലായിടത്തും പൊലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തും. വിനോദസഞ്ചാരികൾക്ക് സുരക്ഷ നൽകും.
5) സൈബർ കേസുകൾ
സോഷ്യൽ മീഡിയയിൽ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. സൈബർസെല്ലുകളുടെ സഹായത്തോടെ പ്രതികളെ ഉടനടി പിടികൂടും.