തിരുവനന്തപുരം: കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനത്തുറയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് പേരിൽ നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത നടുക്കത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇരുട്ടുവീണതോടെ പൊലീസും കോസ്റ്റൽ ഗാർഡും തെരച്ചിൽ അവസാനിപ്പിച്ചപ്പോൾ മൃതശരീരമായെങ്കിലും യുവാക്കളെ കടലിൽ നിന്ന് കരയ്ക്കെത്തിക്കാൻ മത്സ്യത്തൊഴിലാളികളും പള്ളി വക ബോട്ടും മാത്രമാണ് ഏക ആശ്രയമായതെന്നതാണ് വാർത്തയുടെ മറ്റൊരു വശം. മനഃപൂർവമല്ല, ഗതികേടാണ് കടലിലിറങ്ങുന്നത് തടയുന്നതെന്നാണ് കോസ്റ്റൽ പൊലീസ് അധികൃതർ പറയുന്നത്.
സി.ഐ ഉൾപ്പെടെ രണ്ട് ഡസനോളം പൊലീസുദ്യോഗസ്ഥരുള്ള വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസിന്റെ അധികാര അതിർത്തികളിൽ എന്ത് അപകടമുണ്ടായാലും കരയിൽ കാഴ്ചക്കാരായി കഴിയാനാണ് ഇവരുടെ നിയോഗം. പൊലീസിന്റെ പട്രോളിംഗിന് ആകെയുള്ളത് ഒരു ബോട്ടാണ്. അതാകട്ടെ നാല് മീറ്ററിൽ അധികം താഴ്ചയുള്ളിടത്തേ ഇറക്കാൻ കഴിയുകയുള്ളൂ. ബോട്ടിന്റെ തകരാറും തിരകളെ പ്രതിരോധിക്കാനുള്ള ശേഷിക്കുറവും മറ്റൊരു കാരണം. എട്ടുവർഷം മുമ്പ് ഗോവൻ കപ്പൽ നിർമ്മാണശാല നിർമ്മിച്ച 12 ടൺ ശേഷിയുള്ള ബോട്ടുകളിൽ മൂന്നെണ്ണമാണ് വിഴിഞ്ഞം സ്റ്റേഷനിലുണ്ടായിരുന്നത്. അഞ്ചര കോടി വീതം വിലയുള്ള ഇവയിൽ രണ്ടെണ്ണം പൂവാർ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് വിട്ടു നൽകിയതോടെ ശേഷിക്കുന്ന ഒരു ബോട്ട് കൊണ്ടാണ് അഭ്യാസ പ്രകടനം. വർക്കല മുതൽ പൊഴിയൂർ വരെ 76 കി.മീ, 12 കി.മീ കടൽദൂരമാണ് അധികാര പരിധിയെങ്കിലും പഴുതടച്ച സുരക്ഷയ്ക്കുള്ള പൊലീസ് സംവിധാനം ഇവിടെയില്ല.
തീരസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, അപകടങ്ങളെയും ദുരന്തങ്ങളെയും സംബന്ധിച്ച മുന്നറിയിപ്പ് നൽകൽ തുടങ്ങിയവയും ഇവരുടെ ചുമതലയിൽ വരുന്ന കാര്യങ്ങളാണെങ്കിലും പട്രോളിംഗ് ബോട്ടുകളുടെ അഭാവം പ്രധാന പ്രതിസന്ധിയാണ്.
ദൈവത്തിന്റെ സ്വന്തം കടൽതീരം സുരക്ഷിതമായി സംരക്ഷിക്കാൻ നിയുക്തരായ കോസ്റ്റൽ പൊലീസിന് ഭദ്രമാക്കാൻ കഴിയാത്തതാണ് നിലവിലെ സ്ഥിതി. ദുരന്തങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്താനോ മൃതദേഹങ്ങളെങ്കിലും കണ്ടെടുക്കാനോ കഴിയാതെ പോകുന്ന സാഹചര്യം. മറൈൻ എൻഫോഴ്സ് മെന്റിന്റെ ഒരു ബോട്ടാണ് കടൽ ദുരന്തങ്ങളിൽ ഇപ്പോഴത്തെ ആശ്രയം. മണിക്കൂറിൽ അഞ്ച് കി.മീ മാത്രം വേഗതയുള്ള ഇതിന് അടിയന്തര ഘട്ടങ്ങളിൽ കുതിച്ചെത്താൻ കഴിയില്ല. ഇതിന്റെ ഇനിയവും പിൻവശവും പൊക്കത്തിലായതിനാൽ അപകടത്തിൽപ്പെട്ട് തിരയിൽ മുങ്ങിത്താഴുന്നവരെ രക്ഷിക്കാനും പ്രയാസം. യന്ത്രത്തകരാറുള്ള ബോട്ടുകൾ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുക മാത്രമാണ് ഇതിന്റെ ഉപയോഗം.
ദുരന്ത നിവാരണ അതോറിട്ടിക്കായി കനകക്കുന്നിൽ ലൈവ് മോണിട്ടറിംഗ് സംവിധാനവും ലാബുമുൾപ്പെടെയുള്ള സംവിധാനങ്ങളോടെ നാലുനില കെട്ടിടം പണി തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞെങ്കിലും നാളിതുവരെ പൂർത്തിയാക്കാനായില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസിലെ മറ്റ് അനുബന്ധ സംവിധാനങ്ങളെല്ലാം ഇപ്പോഴും പി.ടി.പി നഗറിലെ വാടകക്കെട്ടിടത്തിലാണുള്ളത്.