തിരുവനന്തപുരം: വെള്ളം കൊണ്ടു മുറിവേറ്റവരുടെ സംഗമം നടന്നു. ഒരുകൂട്ടർ ഓഖി ദുരന്തത്തിനിരയായ വീടുകളിലെ കുട്ടികൾ. മറ്റൊരു കൂട്ടരാകട്ടെ പ്രളയക്കെടുതിയനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികളും. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കോർപറേറ്റ് മാനേജർ ഫാ. ഡൈസന്റെയും പ്രഥമാദ്ധ്യാപകരുടെയും നേതൃത്വത്തിൽ 'കൂട്ടുകാരോടൊപ്പം പുതുവത്സരാഘോഷം" എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെ കൊടുപുന്നയിലെത്തിയത്.
പ്രളയക്കെടുതികളിൽപ്പെട്ട കുട്ടനാടൻ പ്രദേശങ്ങളിൽ ലത്തീൻ അതിരൂപത വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ചു വരുന്ന സഹായ പദ്ധതികളുടെ തുടർ പരിപാടിയായാണ് കൊടു
പുന്ന സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകളിലെത്തി സമ്മാന കിറ്റുകൾ വിതരണം ചെയ്ത് അപൂർവമായ പുതുവത്സരാഘോഷം നടത്തിയത്. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ പ്രളയത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരമായി പുസ്തകങ്ങൾ പകർത്തിയെഴുതി നൽകി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കോർപറേറ്റ് മാനേജ്മെന്റിലെ സ്കൂളുകളിലുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃകയായിരുന്നു. ഇത്തവണ പുതുവർഷത്തിൽ ഈ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സഹായം നൽകണമെന്ന പദ്ധതിയിട്ടപ്പോൾ നിറഞ്ഞ മനസോടെ സംഭാവന നൽകിയവരിൽ അധികവും ഓഖി ദുരന്തത്തിന്റെ കയ്പുനീർ കുടിച്ച കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നുവെന്ന് ഫാ. ഡൈസൻ പറയുന്നു.
വേദനകളിലും ദുരിതങ്ങളിലും അന്യോന്യം താങ്ങാവുന്ന പുതിയ മാതൃകയായിരുന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് ഭൂരിപക്ഷമുള്ള വിദ്യാർത്ഥികൾ കാഴ്ചവച്ചത്. കുട്ടികളുടെ ക്രിസ്മസ് ആഘോഷങ്ങൾ മാറ്റിവച്ച് സമാഹരിച്ച തുകയാണ് അവർ ഇതിലേക്ക് സംഭാവന ചെയ്തത്. എല്ലാ ആഘോഷങ്ങളിലും മനുഷ്യത്വം ദർശിക്കുകയാണ് പ്രധാനമെന്ന് സംഘത്തിന് നേതൃത്വം നൽകിയ ഫാ. ഡൈസൺ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ക്രിസ്മസിനും ഫാ. ഡൈസന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കുട്ടനാട്ടിലെ കിടങ്ങറ സ്കൂളിലെ കുട്ടികൾക്ക് പുത്തനുടുപ്പുമായി എത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രഥമ അദ്ധ്യാപകരും വിദ്യാർത്ഥികളും വേറിട്ട പുതുവത്സരാഘോഷത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നു. ഇവരെ കൊടുപുന്ന സർക്കാർ എച്ച്.എസിലെ ഹെഡ്മാസ്റ്റർ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇവിടം സന്ദർശിക്കാൻ വീണ്ടും വരുമെന്നും പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ളസ് ലഭിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുമെന്നും ഫാ. ഡൈസൺ അറിയിച്ചു.