തിരുവനന്തപുരം : കേന്ദ്രടൂറിസം വകുപ്പിന്റെ സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വദേശിദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രത്തിന്റെയും പദ്മതീർത്ഥക്കുളത്തിന്റെയും നവീകരണവും സൗന്ദര്യവത്കരണവും പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന് ശോഭയേറും. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ ഗ്രാനൈറ്റ് പാകും, കൂടുതൽ നിരീക്ഷണ കാമറ സ്ഥാപിക്കും. 78.50 കോടി ചെലവിട്ടുള്ള പുറംമോടിയാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. മാർച്ച് 31 വരെ കാലാവധിയുള്ള പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായി. ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
പൈതൃക മന്ദിരങ്ങൾ നവീകരിക്കുന്നു
പൗരാണികത ചോർന്നുപോകാത്ത വിധം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കെട്ടിടങ്ങൾ പാരമ്പര്യ തച്ചുശാസ്ത്ര വിധി അനുസരിച്ചാണ് നവീകരിക്കുന്നത്. ഇതിൽ ഉത്സവമഠത്തിന്റെ പണി ഏറക്കുറെ പൂർത്തിയായി. ഇരുനില മന്ദിരത്തിന്റെ പഴയ ഓടുകളും കഴുക്കോലും മാറ്റി തൂണും ചുമരുകളും ബലപ്പെടുത്തുന്ന ജോലി അവസാന ഘട്ടത്തിലാണ്. സമീപത്തെ സ്വകാര്യ കെട്ടിടങ്ങളും ഇതേ രീതിയിൽ നവീകരിക്കും. പടിഞ്ഞാറേ നടയിലുള്ള എക്സിക്യുട്ടീവ് ഓഫീസറുടേതടക്കമുള്ള മതിലകം ഓഫീസുകൾ ഇനി ഉത്സവമഠത്തിലേക്ക് മാറ്റും. ഇവിടെ വിശ്രമകേന്ദ്രവും ഒരുക്കി. ഇതിനൊപ്പം ചുറ്റുമുള്ള മൂന്ന് മന്ദിരങ്ങളുടെ പുനരുദ്ധാരണത്തിന് അധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്. ഫോർട്ട് സ്കൂളിന് സമീപമുള്ള നെൽപ്പുര നവീകരിച്ച് മ്യൂസിയം ആരംഭിക്കാനും പദ്ധതിയുണ്ട്.
പുതുമോടിയിൽ പദ്മതീർത്ഥക്കുളം
പദ്മതീർത്ഥക്കുളം മാലിന്യം വെടിഞ്ഞ് മനോഹരിയാകുകയാണ്. കുളത്തിൽ അടിഞ്ഞുകൂടിയ ചെളി മുഴുവനായും മാറ്റി. പഴകിയ വെള്ളം പമ്പ് ചെയ്ത് മാറ്റിയതോടെ ശുദ്ധമായ വെള്ളം നിറഞ്ഞു. കുളത്തിന്റെ പടിക്കെട്ടിലെ പഴയതും അടർന്നുപോയതുമായ കല്ലുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. തൂണുകൾ മാറ്റി കൽമണ്ഡപങ്ങൾ നവീകരിച്ചു. പുനരുദ്ധാരണ സമിതിയുടെ നിർദ്ദേശപ്രകാരം കുളത്തിനുള്ളിലെ കൽമണ്ഡപം പുതുക്കിപ്പണിതു.
തുളസീവനം
ക്ഷേത്രത്തിനുള്ളിലും നാല് നടകളിലുമായി ഒരു ലക്ഷത്തി എട്ട് തുളസിച്ചെടികൾ നട്ടുപിടിപ്പിക്കും. മകരശീവേലി നടക്കുന്ന 14നു മുൻപ് ക്ഷേത്രത്തിനകത്ത് ആയിരത്തി എട്ട് തുളസിച്ചെടികൾ നടും. ശേഷിക്കുന്ന ചെടികൾ നാലുനടകളിലും പരിസരത്തുമായാണ് നടുന്നത്. തന്ത്രി മഠം, മിത്രാനന്ദപുരം പരിസരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലാകും ചെടി നടുക. ഗോശാലയിൽ നിന്നുള്ള ചാണകവും ജൈവവളവും ഇതിന് ഉപയോഗിക്കും.
ക്ഷേത്രത്തിന് ഒന്നര കിലോമീറ്ററുകളോളം ചുറ്റളവിലുള്ള റോഡുകൾ നവീകരിച്ചതോടെ തീർത്ഥാടക സൗഹൃദമായി മാറിയിട്ടുണ്ട്. ഇലക്ട്രിക്, ടെലിഫോൺ, കേബിളുകൾ, കുടിവെള്ള, സ്വീവേജ് പൈപ്പുകൾ എന്നിവ ഭൂമിക്കടിയിലേക്ക് മാറ്റിയശേഷമാണ് റോഡുകൾ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയത്. പഴയ ഓടകൾ പൂർണമായും കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു. കിഴക്കേനട, വടക്കേനട, ഉത്സവമഠം, വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേനട , അനന്തൻകാട് -പടിഞ്ഞാറേനട, രാമസ്വാമി റോഡ് എന്നിവയാണ് നവീകരിച്ചത്. പൂർത്തിയായ പാതകളുടെ ഇരു വശത്തും വിളക്കുകാലുകളും സ്ഥാപിച്ചു.
കാമറക്കണ്ണുകൾ
ക്ഷേത്രത്തോട് ചേർന്നുള്ള റോഡുകൾ, ഭക്തർ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും കാമറകൾ സ്ഥാപിച്ചു. പൊലീസിന്റെ സുരക്ഷാ കാമറകൾക്ക് പുറമേയാണിത്. തിരക്കൊഴിഞ്ഞ പാതകളിലും പത്മതീർത്ഥക്കുളത്തിലും മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഇതിലൂടെ കഴിയും. പത്മതീർത്ഥക്കുളത്തിന് ചുറ്റും ഉയർന്ന പിക്സലിലുള്ള കാമറ സ്ഥാപിക്കും.
വി.ഐ.പികൾ വടക്കേ നടയിലൂടെ
വി.ഐ.പികളെ എത്തിക്കുന്നത് വടക്കേ നടയിലൂടെയായിരിക്കും. ഇതിനായി ഇവിടെ പ്രത്യേക സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കും. ക്ഷേത്രത്തെ സംബന്ധിച്ചും മറ്റു തീർത്ഥാടന കേന്ദ്രങ്ങളെ സംബന്ധിച്ചും വിവരങ്ങൾ നൽകുന്നതിനായി തിരുവമ്പാടി നടയിൽ മിനി ഇൻഫർമേഷൻ സെന്റർ ആരംഭിക്കും. ഇതിന് പുറമേ രണ്ട് ഇൻഫർമേഷൻ സെന്ററുകൾ മറ്റിടങ്ങളിലായി ആരംഭിക്കും.
9 സർക്കാർ ഏജൻസികളുടെ ഏകോപനം
നിർമ്മിതി കേന്ദ്ര, ഹൗസിംഗ് ബോർഡ്, ഇലക്ട്രിസിറ്റി ബോർഡ്, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, ഡ്രെയിനേജ് ഡിപ്പാർട്ട്മെന്റ്, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള, കെ.എസ്.ഐ.ഇ, വാസ്കോസ് തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷവും പണി തുടരും. മാർച്ച് 31 നകം മാത്രമേ പൂർണമായും പണി പൂർത്തീകരിക്കാൻ സാധിക്കൂ.
തെക്കും പടിഞ്ഞാറും വികസനമില്ല
സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നവീകരണ, നിർമ്മാണ പ്രവർത്തനങ്ങൾ തെക്കും പടിഞ്ഞാറും ഭാഗത്ത് എത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തെക്കേ ഭാഗത്തെ റോഡിൽ ടാറിംഗ് നടത്തിയിട്ടില്ല. കോട്ടയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് ഭവൻ -ശ്രീവരാഹം റോഡ്, പടിഞ്ഞാറേ കോട്ട ഭാഗങ്ങളിലുള്ള നവീകരണം എന്നിവയ്ക്ക് യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായില്ല. എന്നാൽ സ്വദേശി ദർശൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഈ മേഖല കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 2017 ഒക്ടോബറിൽ ആരംഭിച്ച പണി ഇഴഞ്ഞു നീങ്ങുകയായിരുന്നെന്നും പ്രധാനമന്ത്രിയുടെ വരവോടെയാണ് ദ്രുതഗതിയിലായതെന്നും ആക്ഷേപമുണ്ട്.
മൾട്ടി ലെവൽ പാർക്കിംഗ് നടന്നില്ല
കോർപറേഷന്റെ അധീനതയിലുള്ള തെക്കേ തെരുവിലെ സ്ഥലത്താണ് മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കുക. എന്നാൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാകാതെ വന്നതോടെ പദ്ധതി മുടങ്ങിയിരിക്കുകയാണ്. കൂടാതെ ഇതിന് മുകളിലായി സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിന് പദ്ധതിയിട്ടിരുന്നെങ്കിലും അതും ഉപേക്ഷിക്കേണ്ടിവന്നു.