തിരുവനന്തപുരം: പരിസ്ഥിതിക്ക് എന്നും ദോഷകരമായ പ്ലാസ്റ്റിക് കാരിബാഗുകളോട് വിടപറയാൻ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം തുണി കൊണ്ട് നിർമിച്ച സഞ്ചികളായിരിക്കും ഇനി ഉപഭോക്താക്കളുടെ കൈയിലെത്തുക. നഗരത്തിലെ ആദ്യ വികേന്ദ്രീകൃത തുണിസഞ്ചി നിർമാണ യൂണിറ്റ് വട്ടിയൂർക്കാവിന് സമീപത്തെ വലിയവിളയിലാണ് പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. കുണ്ടമൺകടവു നിന്ന് തിട്ടമംഗലത്തേക്ക് പോകുന്ന വഴിയിൽ കുന്നൻപാറയിലാണ് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്.
പ്ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ തുണി സഞ്ചി നിർമാണ കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇത്തരത്തിലുള്ള പത്ത് നിർമാണ കേന്ദ്രങ്ങളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ആരംഭിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഇവയുടെ ചുമതല. രണ്ട് വർഷം മുമ്പുതന്നെ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നഗരസഭ നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സൂപ്പർ മാർക്കറ്റുകളിലും മറ്റും തുണി സഞ്ചികളിലാണ് സാധനങ്ങൾ നൽകിയിരുന്നത്. ഈ തുണിസഞ്ചികൾ നിർമിക്കുന്നതിനായി നിരവധി സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ട്. ഈ രംഗത്തെ ഇവരുടെ കുത്തക അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് തുണി സഞ്ചി നിർമാണ യൂണിറ്റുകൾ നഗരസഭ ആരംഭിക്കുന്നത്. നിലവിൽ 15 മുതൽ 25 വരെയാണ് വിവിധ തരത്തിലുള്ള തുണിസഞ്ചികളുടെ വില. എന്നാൽ, അതിലും വില കുറച്ച് നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. നഗരസഭാ ആസ്ഥാനത്തെ പ്രത്യേക കൗണ്ടറുകൾ വഴിയായിരിക്കും തുണി സഞ്ചികളുടെ വില്പന. 2017ൽ 30 ലക്ഷം തുണി, കടലാസ് സഞ്ചികൾ നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നീണ്ടുപോവുകയായിരുന്നു.
നഗരത്തിലെ വീടുകളിൽ പ്രതിമാസം 1.4 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതായും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവു കൂട്ടുന്നതിൽ പാലും പാൽ ഉത്പന്നങ്ങളും അടക്കം ചെയ്തു വരുന്ന പ്ലാസ്റ്റിക് കവറുകൾക്കു മുഖ്യപങ്കുണ്ടെന്നും നേരത്തേ നഗരസഭ തന്നെ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ടായിരുന്നു. മിൽമ, പെപ്സികോ, ഡെയ്ലി ഫ്രഷ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെല്ലോഗ്സ് ഇന്ത്യ, റെക്കിറ്റ് ബെൻകീസർ, കർണാടക കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ, കോൾഗേറ്റ്, പാമോലീവ്, ബാബ ഇൻഡസ്ട്രീസ്, ഐ.ടി.സി എന്നിങ്ങനെയുള്ള പത്ത് പ്രധാന ബ്രാൻഡുകളാണ് നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂട്ടുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. നഗരത്തിലെ 135 വീടുകളിൽനിന്നുള്ള ഒരു മാസത്തെ പ്ലാസ്റ്റിക് മാലിന്യം കോർപറേഷന്റെ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ബ്രാൻഡ് ഓഡിറ്റിന് വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളിലെ ഓരോ ബ്രാൻഡിന്റെയും വിഹിതം കണ്ടുപിടിക്കുന്നതിനായുള്ള ശാസ്ത്രീയ മാർഗമാണ് ബ്രാൻഡ് ഓഡിറ്റ്. 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരമുള്ള നടപടികൾ നടപ്പാക്കുന്നതിനുള്ള അടിസ്ഥാന രേഖയായി റിപ്പോർട്ടിനെ കണക്കാക്കണമെന്നും ബ്രാൻഡ് ഓഡിറ്റിൽ കണ്ടെത്തിയ 20 പ്രധാന ബ്രാൻഡുകളുടെ ഉടമകളുമായി ചർച്ച നടത്തണമെന്നും ഗ്രീൻ ആർമി ശുപാർശ ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോർപറേഷന്റെ ഇപ്പോഴത്തെ നീക്കം.