തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എസ്.എ.ടിയിലേക്കും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. മെഡിക്കൽ കോളേജിലെ അംഗീകൃത പാർക്കിംഗ് മേഖലയിൽ ഉൾക്കൊള്ളാനാവാത്ത വിധമാണ് നിത്യേന വാഹനങ്ങൾ എത്തുന്നത്. ഇരുചക്ര വാഹനങ്ങളടക്കം ദിവസവും പതിനായിരത്തിലേറെ വാഹനങ്ങളാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന ഗേറ്റ് കടന്ന് അകത്തേക്ക് എസ്.എ.ടിയെക്കൂടാതെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, ആർ.സി.സി, മെഡിക്കൽ കോളേജിലെ മൾട്ടിസ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നത്. ഇതുകാരണം പ്രധാന കവാടത്തിന് മുന്നിൽ നിന്നു തുടങ്ങി എസ്.എ.ടി വരെയുള്ള റോഡിന്റെ ഇരു ഭാഗത്തുമായി അനധികൃത പാർക്കിംഗ് പതിവാകുകയാണ്.
പാർക്കിംഗ് മേഖലയിൽ സുരക്ഷ കുറവ്
പാർക്കിംഗ് മേഖലയിൽ ഫീസ് നൽകി സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് മതിയായ സുരക്ഷ കിട്ടാത്തതാണ് മറ്റിടങ്ങളിൽ എവിടെയെങ്കിലും പാർക്ക് ചെയ്യൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപവും നിലവിലുണ്ട്. ഇക്കാരണത്താൽ ആൾത്തിരക്കേറിയ സ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധകിട്ടുന്ന സ്ഥലങ്ങളിൽ വാഹനം ഒതുക്കിയിടാനാണ് പലരും ശ്രമിക്കുന്നത്. പാർക്കിംഗ് മേഖലയ്ക്ക് വെളിയിൽ പാർക്ക് ചെയ്യുന്നതോടെ ഇത്തരം സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു.
പണം കൊടുത്ത് പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാ കാമറകൾ സജ്ജീകരിക്കാത്തത് മോഷണം നടക്കുന്നതിന് കാരണമാകുന്നുണ്ട്. ബൈക്കുകളിൽ സൂക്ഷിക്കുന്ന ഹെൽമറ്റ് മാത്രമല്ല, പലപ്പോഴും വാഹനങ്ങൾ തന്നെ മോഷണം പോകുന്ന സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്. ഇതിനാലാണ് പലരും പേ ആൻഡ് യൂസ് പാർക്കിംഗ് മേഖലയെ അവഗണിക്കാൻ കാരണമാകുന്നത്.
ഡെന്റൽ കോളേജ് മുതൽ അനധികൃത പാർക്കിംഗ്
ഡെന്റൽ കോളേജിന് മുൻവശത്തെ റോഡരികിൽ റോഡിന്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങൾ പാർക്ക് ചെയുന്നത്. കാർ, ആട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് പതിവായി ഇവിടെ നിറുത്തിയിടുന്നത്. ഇതുകാരണം അത്യാഹിത വിഭാഗത്തിലേക്ക് പോകുന്ന ആംബുലൻസുകളുടെ സഞ്ചാരത്തിനും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടാകുകയാണ്.
മെഡിക്കൽ കോളേജ് ഒ.പി യിൽ ചികിത്സയ്ക്കായി എത്തുന്നവരുടെ വാഹനങ്ങളാണ് രാവിലെ മുതൽ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കാണാൻ എത്തുന്നവരുടെ സന്ദർശനസമയം ഉച്ചയോടെ ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരും. എവിടെയെങ്കിലും വാഹനം ഒതുക്കി പോകാനുള്ള ശ്രമമാണ് ഇതിനിടയിൽ പലരും നടത്തുന്നത്. ഒ.പി ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലായി ദിവസേന ആയിരക്കണക്കിന് പേരാണ് എത്തുന്നത്. എസ്.എ.ടി, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും എത്തുന്നവരെല്ലാം സ്ഥലക്കുറവ് കാരണം അങ്ങോട്ടേക്കുള്ള റോഡിന് ഇരുവശവുമായാണ് പാർക്കിംഗ് നടത്തുന്നത്.
ഒ.പിയിൽ വരുന്നവർക്ക് പാർക്കിംഗിന് സ്ഥലമുണ്ട്
ഒ.പി ബ്ലോക്കിന്റെ മുൻവശത്ത് അവിടെ വരുന്നവർക്കായി പാർക്കിംഗിന് പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.എന്നാൽ മിക്കവാറും പേരും ഒ.പിയിൽ എത്തുന്നത് അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലൂടെയാണ്. അതിനാലാണ് ഇവിടെ തിരക്ക് കൂടുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ ഒ.പി ബ്ലോക്കിലേക്ക് പോയാൽ വാഹനങ്ങളിൽ വരുന്നവർക്ക് തിരക്കില്ലാതെ പാർക്ക് ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
മൾട്ടി ലെവൽ പാർക്കിംഗ്
മെഡിക്കൽ കോളേജിലെ പാർക്കിംഗ് പ്രശനം പരിഹരിക്കാൻ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന നിർദ്ദേശം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു. സ്ഥലപരിമിതിയുള്ള മെഡിക്കൽ കോളേജിൽ ഇതിനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തുക ശ്രമകരമാണ്. മാത്രമല്ല, മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കാൻ വേണ്ടിവരുന്ന പണം വകയിരുത്താനും അധികൃതർ അത്രത്തോളം താത്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മെഡിക്കൽ കോളേജിൽ അടുത്തിടെ നിർമ്മിച്ച കെട്ടിടങ്ങളിൽ ഗ്രൗണ്ട് ഫ്ലോർ പാർക്കിംഗ് സൗകര്യം ഒരുക്കാനായി പ്ലാനിൽ ഉൾപ്പെടുത്ത് നേരത്തേ നടപ്പിൽ വരുത്തിയിരുന്നെങ്കിൽ ഒരുപരിധിവരെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമായിരുന്നു..
വേണ്ടത് പുതിയ ഒരു സംസ്കാരംസൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ എട്ടുനിലകളിലായി മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനമൊരുക്കാൻ ഡി.പി.ആർ തയ്യാറായിട്ടുണ്ട്. ഉടൻ ഇതിന്റെ പണി ആരംഭിക്കും. നഗരസഭയാണ് ഈ സംവിധാനം ഒരുക്കിനൽകുന്നത്. കൂടാതെ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ലോർ മുഴുവൻ പാർക്കിംഗിനായി സജ്ജമാക്കാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട്ഫ്ലോർ പാർക്കിംഗിനായി മാറ്റിക്കഴിഞ്ഞു. കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾ സ്വന്തം വാഹനം ഉപേക്ഷിച്ച് കോളേജ് ബസിൽ എത്തുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം.
'ആശുപത്രി വളപ്പിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ആട്ടോറിക്ഷകളാണ് കൂടുതലായി പാർക്കിംഗ് പ്രശ്നം ഉണ്ടാക്കുന്നത്. ഇവരെ കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റാനുള്ള പദ്ധതി ഉടൻ തയ്യാറാക്കും. രോഗിയുമായി എത്തുന്ന വാഹനങ്ങൾ രോഗിയെ ആശുപത്രിയിൽ ഇറക്കിയശേഷം ഗേറ്റിന് പുറത്തേക്ക് വിടുകയും പരിശോധന കഴിഞ്ഞ് തിരികെ പോകാൻ നേരം മാത്രം വിളിച്ചുവരുത്തുന്നതിനുമുള്ള സംവിധാനവും ഒരുക്കും'.
ഡോ . ഷർമ്മദ്
സൂപ്രണ്ട് , മെഡിക്കൽ കോളേജ്
ആശുപത്രി