പോക്കിരി രാജയുടെ തുടർച്ചയായി വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മമ്മൂട്ടി ചിത്രം മധുര രാജയിലെ ഒരു സുപ്രധാന സംഘട്ടന രംഗം ചിത്രീകരിക്കാൻ 25 ദിവസം. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്ന ഈ ഫൈറ്റ് സീക്വൻസിൽ മമ്മൂട്ടിയ്ക്കൊപ്പം തെലുങ്ക് താരം ജഗപതീ ബാബുവും പ്രത്യക്ഷപ്പെടുന്നുണ്ട്.ഇപ്പോൾ എറണാകുളത്ത് ചെറായിയിൽ മധുര രാജയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 25 ദിവസം കൊണ്ട് ചിത്രീകരിക്കുന്ന ഫൈറ്റ് സ്വീക്വൻസ് മധുര രാജയുടെ ഹൈലൈറ്റുകളിലൊന്നായിരിക്കും.ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം നമ്പർ ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.അനുശ്രീ, ഷംനാ കാസിം, മഹിമാ നമ്പ്യാർ എന്നിവരാണ് മധുരരാജയിലെ നായികമാർ.തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിംകുമാർ തുടങ്ങിയവരും താരനിരയിലുണ്ട്.നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് യു.കെ. സ്റ്റുഡിയോസ് തിയേറ്ററിലെത്തിക്കും.
ഇതിനിടയിൽ മമ്മൂട്ടി ഖാലിദ് റഹ്മാന്റെ ഉണ്ടയിലെ അവസാന വർക്കുകൾ പൂർത്തിയാക്കും. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ, ഹനീഫ് അദേനി തിരക്കഥയെഴുതിയ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ, അമൽ നീരദിന്റെ ബിലാൽ, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം, അജയ് വാസുദേവിന്റെ ചിത്രം, ബോബി - സഞ്ജയ് എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകൾ.
തെലുങ്ക് ചിത്രം യാത്രയും തമിഴ് ചിത്രം പേരൻപുമാണ് അടുത്ത റിലീസുകൾ. രണ്ടും ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി അഭിനയിച്ച് പൂർത്തിയാക്കി. ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ഇക്കൊല്ലം അഭിനയിക്കുന്നുണ്ട്.