അടി കപ്യാരേ കൂട്ടമണിക്ക് ശേഷം എ.ജെ വർഗീസ് സംവിധാനം ചെയ്യുന്ന ഉറിയടിയുടെയും നടി ഗൗതമി നായരുടെ ആദ്യ സംവിധാന സംരംഭമായ വൃത്തത്തിന്റെയും ചിത്രീകരണം തലസ്ഥാനത്ത് പുരോഗമിക്കുന്നു.
സണ്ണി വയ്ൻ നായകനാകുന്ന വൃത്തത്തിൽ ദുർഗാ കൃഷ്ണയാണ് നായിക. പ്രധാന സാങ്കേതിക പ്രവർത്തകരെല്ലാം വനിതകളാണെന്ന പ്രത്യേകതയും വൃത്തത്തിനുണ്ട് . ബോളിവുഡ് ഛായാഗ്രാഹകൻ നീരവ് ഷായുടെ അസോസിയേറ്റായിരുന്ന ശരണ്യ ചന്ദറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.അശ്വനി കാലേ കലാസംവിധാനവും സിങ് സൗണ്ട് സവിത നമ്രതും മേക്കപ്പ് മിട്ടാ ആന്റണിയും നിർവഹിക്കുന്നു. ഡോക്ടർ എസ് . നിർമ്മലാ ദേവിയുടെ വരികൾക്ക് നേഹ . എസ്. നായർ സംഗീതമൊരുക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ . വൃത്തത്തിന്റെ ചിത്രീകരണം ജനുവരി രണ്ടിനാണ് ആരംഭിച്ചത് . അനൂപ് മേനോനും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വൃത്തം . കെ.എസ് അരവിന്ദ്, ഡാനിയേൽ സായൂജ് നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.പാളയം,കവടിയാർ ഭാഗങ്ങളാണ് വൃത്തത്തിന്റെ പ്രധാന ലൊക്കേഷൻ.
ഉറിയടിയുടെ ചിത്രീകരണം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് നടക്കുന്നത്.ഫ്രണ്ട്സ് ഫിലിം ഫാക്ടറി &56 സിനിമാ സിന്റെ ബാനറിൽ നൈസാം സലിം, സുധീഷ് ശങ്കർ, രാജേഷ് നാരായണൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് . ഒരു പോലീസ് ക്വാട്ടേഴ്സിൽ നടക്കുന്ന മോഷണവും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം .ശ്രീനിവാസൻ, അജു വർഗീസ്, സിദ്ദിഖ്, ബൈജു സന്തോഷ്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബിജു കുട്ടൻ, ബാലാജി, മാനസ, ശ്രീ ലക്ഷ്മി, സേതു ലക്ഷ്മി, വിജി, ആര്യ, മാസ്റ്റർ കൃഷ്ണ ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ.
കഥ , തിരക്കഥ-ദിനേശ് ദാമോദർ,എ. ജെ. വർഗീസ് .ഗാനങ്ങൾ അനിൽ പനചൂരാൻ,ഹരി നാരായണൻ, സംഗീതം ഇഷാൻ ദേവ് . ജെമിൻ ജെ അയ്യനേത്ത് ഛായാഗ്രഹ ണം നിർവഹിക്കുന്നു. എഡിറ്റിംഗ് കാർത്തിക് യോഗേഷ്.
അതേ സമയം നീരജ് മാധവിനെ നായകനാക്കി നവാഗതനായ രജീഷ് ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക" യുടെ ചിത്രീകരണം അടുത്ത മാസംതിരുവനന്തപുരത്ത് തുടങ്ങും. നഗരത്തിലെ കരിമഠം കോളനിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'ക".
കലാഭവൻ ഷാജോൺ, ഇന്ദ്രൻസ് , ബിജു സോപാനം, വിഷ്ണു ഗോവിന്ദ്, വിജിലേഷ് , ജിതിൻ, അനുമോൾ തുടങ്ങിയവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് .എൻ. പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുവും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. രണം, ധ്രുവങ്ങൾ പതിനാറ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച ജേക്സ് ബിജോയ് ആണ് 'ക" യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് . കഥയും സംഭാഷണവും ഒരുക്കുന്നത് നവാഗതനായ വിഷ്ണു വംശയാണ്.