tripti-desai

മുംബയ്: ശബരിമലയിലേയ്‌ക്ക് താൻ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങൾ തെറ്റെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി വ്യക്തമാക്കി. 'ഈ സീസണിൽ മലചവിട്ടാൻ ഉദ്ദേശിക്കുന്നില്ല. മറ്റുപ്രചാരണങ്ങൾ ഗൂഢ ഉദ്ദേശത്തോടെയെന്നും' തൃപ്‌തി ദേശായി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് യുവതീ പ്രവേശം സാദ്ധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു. ഈ സീസണിൽ തന്നെ തൃപ്‌തി സന്നിധാനത്ത് എത്തുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചാണ് ഇവർ രംഗത്തെത്തിയത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണിയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗയും സന്നിധാനത്ത് എത്തിയിരുന്നു. പൊലീസ്‌ സംരക്ഷണത്തിലാണ്‌ ദൾശനം നടത്തിയതെന്ന്‌ ഇരുവരും പറഞ്ഞിരുന്നു. പമ്പയിലെത്തി പൊലീസ്‌ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്പയിൽനിന്ന്‌ സന്നിധാനം വരെയുള്ള യാത്രയിൽ ഏതാനും ഭക്‌തർ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ലെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്‌തി ദേശായി നേരത്തെ അറിയിച്ചിരുന്നു. ഏഴ് സ്ത്രീകളും ദർശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദർശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിനായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും തൃപ്‌തി വ്യക്തമാക്കിയിരുന്നു. എന്നാൽ, തൃപ്‌തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് മണിക്കൂറുകളോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിൽ തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച് തൃപ്‌തി മടങ്ങി. എന്നാൽ, ഉടനെ തിരിച്ച് വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്‌തി അന്ന് മടങ്ങിയത്.