കോഴിക്കോട്: പ്രളയാനന്തരം യു.എ.ഇയിൽ നിന്നുള്ള 700 കോടി ധനസഹായം കേരളം വാങ്ങാതിരുന്നത് അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി. പി. ശ്രീനിവാസൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ വളർച്ച ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ തത്ത്വങ്ങൾക്ക് എതിരായാണ് നിലവിൽ രാഷ്ട്രങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും നയതന്ത്രബന്ധങ്ങളിൽ ഏർപ്പെടുന്നത് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. റോഹിങ്ക്യൻ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് മൗനം പാലിക്കാൻ സാധിക്കില്ലെന്നും നയതന്ത്ര ബന്ധങ്ങളിൽ തുലനാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ത്വരിതഗതിയിലുള്ള വളർച്ച ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ നയതന്ത്രജ്ഞനായ വേണു രാജാമണി വാദിച്ചു. അയൽപക്ക രാജ്യങ്ങളുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടാതെ നയതന്ത്രത്തിൽ ഏർപ്പെടാൻ സാധിക്കില്ലെന്നും അവസരങ്ങൾക്കനുസരിച്ച് ചൈനയെപ്പോലെ ഇന്ത്യ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.